തമിഴ് താരം ശ്രീ പങ്കുവച്ച ചിത്രങ്ങൾ ചർച്ചയാകുന്നു. ശ്രീ എന്നറിയപ്പെടുന്ന നടൻ ശ്രീറാം നടരാജൻ ആണ് ആരാധകരെ ആശങ്കയിലാക്കുന്ന ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിൽ ശ്രീ വളരെയധികം മെലിഞ്ഞ് ഭാരം നഷ്ടപ്പെട്ട രീതിയിലാണ് കാണുന്നത്. താരത്തിന്റെ മാനസിക നിലയ്ക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. ആശങ്കാകുലരായ ആരാധകർ സംവിധായകൻ ലോകേഷ് കനഗരാജിനെ ടാഗ് ചെയ്ത് നടനെക്കുറിച്ച് അന്വേഷിക്കാൻ ആവശ്യപ്പെടുന്നുണ്ട്.

വാഴക്ക് എൻ 18/9, ഓനയും ആട്ടുക്കുട്ടിയും എന്നീ ചിത്രങ്ങളിലൂടെ ആരാധകർക്ക് പ്രിയങ്കരനായ നടനാണ് ശ്രീറാം നടരാജൻ. ലോകേഷ് കനഗരാജിന്റെ മാനഗരം എന്ന ചിത്രത്തിൽ ശ്രീ അഭിനയിച്ചിട്ടുണ്ട്. 2023 ൽ പുറത്തിറങ്ങിയ ഇരുഗപത്രു എന്ന ചിത്രത്തിലായിരുന്നു ശ്രീ ഒടുവിൽ അഭിനയിച്ചത്. അതിനുശേഷം താരം ലൈംലൈറ്റിൽ നിന്ന് അപ്രത്യക്ഷനായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ സമീപകാല പോസ്റ്റുകൾ പലരെയും ഞെട്ടിച്ചിരിക്കുകയാണ്. ശ്രീ ചില അഡൽറ്റ് കണ്ടെന്റുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത് ആരാധകരെ ഞെട്ടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശരീരം ശോഷിച്ച് ആരോഗ്യം നഷ്ടപ്പെട്ട നിലയിൽ നടന്റെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇതാണ് താരത്തിന്റെ ആരാധകരെ ആശങ്കാകുലരാക്കുന്നത്.

























