കാസർകോട്: തീരത്ത് തലയില്ലാത്ത നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. കടലിൽ ഒഴുകി നെല്ലിക്കുന്ന് തീരത്ത് കരയ്ക്കടിഞ്ഞ മൃതദേഹം മുൻപ് എവിടെയോ വെച്ച് പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മൃതദേഹത്തിന്റെ നെഞ്ചിലും വയറിലും ഉണ്ടായിരുന്ന വിചിത്രമായ മുറിവുകൾ മുൻപ് പോസ്റ്റ്മോർട്ടം നടപടികളുടെ ഭാഗമായി ശസ്ത്രക്രിയ ചെയ്തതിൻറേതാണെന്ന് വിദഗ്ധ പരിശോധനയിൽ വ്യക്തമായി. നെല്ലിക്കുന്ന് ബീച്ചിൽ മത്സ്യത്തൊഴിലാളികളാണ് തലയില്ലാത്ത നിലയിലുള്ള ഈ മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് കാസർകോട് കോസ്റ്റൽ പൊലീസിനെയും ടൗൺ പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. മൃതദേഹം കണ്ടെത്തിയപ്പോൾ ശരീരത്തിലുണ്ടായിരുന്ന വലിയ മുറിവുകൾ കൊലപാതക ശ്രമത്തിനിടെയോ മറ്റോ ഉണ്ടായതാണെന്ന രീതിയിൽ ആദ്യം മുതലേ സംശയങ്ങൾ ഉയർന്നിരുന്നു.

എന്നാൽ കാസർകോട് പൊലീസിന്റെ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വിശദമായ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയതോടെയാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ പുറത്തുവന്നത്. മൃതദേഹം മുൻപ് കീറിമുറിച്ച് പരിശോധിച്ചതാണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തി. എന്നാൽ ഈ പോസ്റ്റ്മോർട്ടം കേരളത്തിലെ ഏതെങ്കിലും ആശുപത്രിയിൽ വെച്ച് നടന്നതായിരിക്കാൻ സാധ്യതയില്ലെന്നാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന പ്രാഥമിക സൂചന. കർണ്ണാടകയോ ഗോവയയോ പോലുള്ള മറ്റ് സംസ്ഥാനങ്ങളിലെ തീരങ്ങളിൽ നിന്നും കടൽക്ഷോഭത്തിൽപ്പെട്ട് ഒലിച്ചു വന്നതാകാമെന്നാണ് കരുതുന്നത്.


കണ്ടെത്തിയ മൃതദേഹം പൂർണ്ണമായും അഴുകിയ നിലയിലാണ്. ഒരു മാസത്തിലധികം പഴക്കമുള്ള പുരുഷന്റെ ശാരീരികാവശിഷ്ടങ്ങളാണ് ഇതെന്നാണ് സർജന്മാർ വ്യക്തമാക്കുന്നത്. തലയും കൈപ്പത്തികളും വേർപെട്ട നിലയിലാണ് കണ്ടെത്തിയത്.ആളെ ഇതുവരെ തിരിച്ചറിയാൻ സാധിക്കാത്തതിനാൽ കർണ്ണാടക, മംഗളൂരു തുടങ്ങിയ അയൽ സംസ്ഥാനങ്ങളിലെ തീരദേശ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കാണാതായ ആളുകളുടെ ഫയലുകൾ കാസർകോട് പൊലീസ് പരിശോധിച്ചു വരികയാണ്. മൃതദേഹത്തിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് ഡിഎൻഎ പരിശോധനയ്ക്ക് അയക്കാനാണ് പൊലീസിന്റെ തീരുമാനം. കാണാതായ മറ്റേതെങ്കിലും കേസ് ഡാറ്റയുമായി ഇത് ഒത്തുനോക്കി വരും ദിവസങ്ങളിൽ അന്വേഷണം വ്യാപിപ്പിക്കുമെന്ന് കാസർകോട് ടൗൺ പൊലീസ് അറിയിച്ചു.





















