കുഴിമന്തി കഴിച്ച മൂന്ന് പേർക്ക് ഷിഗെല്ല; അൽ റീം റെസ്റ്റോറന്റിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

കൊച്ചി: കത്രിക്കടവിലുള്ള അൽ റീം കുഴിമന്തി റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ മൂന്ന് പേർക്ക് ഷിഗെല്ല ബാക്ടീരിയ ബാധ സ്ഥിരീകരിച്ചു. ഈ മാസം 10, 11 തീയതികളിൽ ഇവിടെ നിന്ന് കുഴിമന്തി ഉൾപ്പെടെയുള്ള വിഭവങ്ങൾ കഴിച്ച അൻപതോളം ആളുകൾക്കാണ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്. വയറുവേദന, ഛർദ്ദി, പനി, വയറിളക്കം എന്നിവയെത്തുടർന്ന് നിരവധി പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ആദ്യഘട്ടത്തിൽ പരിശോധിച്ച 15 സാമ്പിളുകളിൽ നിന്നാണ് മൂന്ന് പേർക്ക് ഷിഗെല്ല ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ചത്. പൊന്നുരുന്നി, നെട്ടൂർ, മലയിടംതുരുത്ത് സ്വദേശികളായ മൂന്ന് പേരുടെ പരിശോധനാ ഫലമാണ് പോസിറ്റീവായതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ ശ്രീകേഷ് സ്ഥിരീകരിച്ചു. വ്യാപകമായ പരാതി ഉയർന്നതിനെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ റെസ്റ്റോറന്റിൽ അടിയന്തര പരിശോധന നടത്തുകയും ഹോട്ടലിന്റെ പ്രവർത്തനം നിർത്തിവെപ്പിക്കുകയും ചെയ്തു. ഗുരുതരമായ വീഴ്ച കണ്ടെത്തിയ സാഹചര്യത്തിൽ റെസ്റ്റോറന്റിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

ഹോട്ടലിൽ നിന്ന് ശേഖരിച്ച ഭക്ഷണ സാമ്പിളുകൾ കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കായി ലാബിലേക്ക് അയച്ചിരിക്കുകയാണ്. സംഭവത്തിൽ പുണിത്തുറ സ്വദേശിയുടെ പരാതിയിൽ നോർത്ത് പൊലീസ് റെസ്റ്റോറന്റിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോർപ്പറേഷൻ വിതരണം ചെയ്ത കുടിവെള്ളത്തിൽ നിന്നാകാം അണുബാധ ഉണ്ടായതെന്നാണ് ഹോട്ടൽ അധികൃതരുടെ വിശദീകരണമെങ്കിലും, വിശദമായ അന്വേഷണത്തിന് ശേഷമേ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പും വ്യക്തമാക്കിയിട്ടുണ്ട്.