കൊല്ലം: കൊട്ടാരക്കരയില്‍ കുടുംബത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 6 മാസം പ്രായമുള്ള കുഞ്ഞ് അടക്കം ഒരു കുടുംബത്തിലെ 4 പേർക്ക് പരുക്ക്. വെള്ളാരംക്കുന്നിൽ ചരുവിള പുത്തൻവീട്ടിൽ അരുൺ, പിതാവ് സത്യൻ, അമ്മ ലത എന്നിവർക്കാണ് വെട്ടേറ്റത്. ആറു മാസം പ്രായമുള്ള അരുണിന്റെ കുഞ്ഞിനു നേരെ വടിവാൾ വീശിയപ്പോൾ കുഞ്ഞുമായി അരുൺ താഴേക്ക് വീഴുകയായിരുന്നു. അരുണിന്റെ കഴുത്തിലും തലയിലും ആഴത്തിലുള്ള മുറിവുണ്ട്.

മുൻ വൈരാഗ്യമാണ് ആക്രമണത്തിനു കാരണം. രണ്ടംഗ സംഘമാണ് ആക്രമണത്തിനു പിന്നിൽ. അരുണിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മറ്റ് 3 പേരും കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പള്ളിക്കല്‍ മൈലം മാരിയമ്മന്‍ ക്ഷേത്രത്തിലെ പൊങ്കാല സമര്‍പ്പണം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. ആക്രമണം നടത്തിയ 2 പേരും ഒളിവിലാണ്. ഇവർക്കായി തിരച്ചിൽ നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.

























