എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഇന്ന് അവസാനിക്കും; ആഘോഷങ്ങൾ പാടില്ല, സ്കൂൾ പരിസരത്ത് കർശന പൊലീസ് സുരക്ഷ

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഇന്ന് അവസാനിക്കാനിരിക്കെ സ്കൂൾ പരിസരങ്ങളിൽ സുരക്ഷ ശക്തമാക്കി പൊലീസ്. മൂല്യനിർണയ ക്യാമ്പ് ഏപ്രിൽ മൂന്നിന് ആരംഭിക്കും. മെയ് മൂന്നാമത്തെ ആഴ്ച ഫല പ്രഖ്യാപനമുണ്ടാകും. പരീക്ഷ തീരുന്ന ദിവസം സ്‌കൂളുകളിൽ വിദ്യാർഥി സംഘർഷം ഒഴിവാക്കാൻ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുയിരിക്കുന്നത്.

പരീക്ഷ തീരുന്ന ദിവസമോ സ്കൂൾ പൂട്ടുന്ന ദിവസമോ സ്കൂളുകളിൽ ആഘോഷപരിപാടികൾ പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവു നൽകി. ആഘോഷങ്ങൾ അതിരുകടക്കുന്നു, അക്രമത്തിലേക്ക് നീങ്ങുന്നു എന്ന പരാതികൾ കണക്കിലെടുത്താണ് നിർദേശം.

പരീക്ഷ കഴിഞ്ഞ് കുട്ടികൾ കൂട്ടം കൂടുകയോ ആഘോഷം നടത്തുകയോ ചെയ്യുന്നില്ലെന്ന് അധ്യാപകർ ഉറപ്പുവരുത്തണം. ആവശ്യമെങ്കിൽ സ്‌കൂൾ ബാഗുകൾ അധ്യാപകർക്ക് പരിശോധിക്കാം. സംസ്ഥാനത്ത് എല്ലാ സ്‌കൂൾ പരിസരവും പൊലീസിന്റെ കർശന നിരീക്ഷണത്തിൽ ആയിരിക്കും.