‘ഭക്ഷണമൊക്കെ വാങ്ങിക്കൊടുത്ത് അയാളെ സംരക്ഷിക്കുന്നു; ചെന്താമരയെ തൂക്കിക്കൊല്ലണം’; കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ

പാലക്കാട്: പ്രതി ചെന്താമരയെ പൊലീസ് സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് നെന്മാറയിൽ കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ. ഭയത്തോടെയാണ് ജീവിക്കുന്നതെന്നും അയാളെ തൂക്കിക്കൊല്ലണമെന്നും മക്കൾ പറഞ്ഞു.

എല്ലാം പോയില്ലേ. ഞങ്ങൾക്കിനി ആരുമില്ല. ഒന്ന് കൊന്നു തരുമോ അയാളെ. അല്ലെങ്കിൽ നാട്ടുകാർക്ക് വിട്ടു കൊടുക്കു. ഇനിയും അയാളെ സംരക്ഷിച്ചു വെക്കണ്ട. കൊന്നാൽ മതി – മക്കൾ പറയുന്നു. ഇനിയും അയാൾ കൊല്ലും എന്ന് തന്നെയാണ് പറയുന്നത്. ഭക്ഷണമൊക്കെ വാങ്ങിക്കൊടുത്ത് അയാളെ നല്ലത് പോലെ സംരക്ഷിക്കുന്നുണ്ട്. അയാൾക്ക് തൂക്ക് കയർ കിട്ടുമെന്നൊന്നും തോന്നുന്നില്ല. നാല് കൊല്ലം കഴിയുമ്പോൾ പുറത്ത് വന്ന് പിന്നെയും ആരെയെങ്കിലും കൊന്നുകൊണ്ടിരിക്കും – സുധാകരന്റെ മക്കൾ പറയുന്നു.

പ്രതിയെ പിടികൂടിയത് ചെറിയ ആശ്വാസമെന്നും ചെന്താമരയെ തൂക്കിക്കൊല്ലണമെന്നും ഇവർ പറയുന്നു. വീണ്ടും പ്രതി പുറത്തിറങ്ങിയാൽ തങ്ങളെ ഉൾപ്പെടെ കൊലപ്പെടുത്തുമെന്നും പറയുന്നു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് പ്രതി നടത്തുന്നത്. അച്ഛനുമായി തർക്കത്തിൽ ഏർപ്പെടുകയായിരുന്നു എന്നത് തെറ്റാണ്. അങ്ങനെയെങ്കിൽ അച്ഛനെയും അച്ഛമ്മയെയും എന്തിനു കൊലപ്പെടുത്തി. തന്നെ കാണാൻ വേണ്ടി വീട്ടിൽ നിന്നിറങ്ങിയ അച്ഛൻ എന്തിന് ചെന്താമരയുമായി തർക്കിക്കണം. കൃത്യമായി പ്ലാൻ ചെയ്താണ് ചെന്താമര കൊലപാതകം നടപ്പിലാക്കിയത്. വെറുതെ ജയിലിട്ട് പ്രതിക്ക് ഭക്ഷണം കൊടുക്കരുത് – കുട്ടികൾ വ്യക്തമാക്കി.