ചോറ്റാനിക്കരയിൽ പെൺകുട്ടിയെ അവശനിലയിൽ കണ്ടെത്തിയ സംഭവം; മകളെ ആൺസുഹൃത്ത് ഉപദ്രവിച്ചിരുന്നുവെന്ന് അമ്മ

കൊച്ചി: ചോറ്റാനിക്കരയിൽ വീടിനുള്ളിൽ പെൺകുട്ടിയെ അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ. ഇയാൾ പെൺകുട്ടിയുടെ വീട്ടിലേക്ക് വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. തലയോലപ്പറമ്പ് സ്വദേശിയാണ് പൊലീസ് കസ്റ്റഡിയിലുള്ളതെന്നാണ് സൂചന. പിടിയിലായ ആൺ സുഹൃത്ത് ലഹരി കേസിൽ അടക്കംപ്രതിയാണ്. 

അതേസമയം, യുവാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി പെൺകുട്ടിയുടെ അമ്മ രംഗത്തെത്തി. മകളെ ആൺസുഹൃത്ത് നിരന്തരം ഉപദ്രവിച്ചിരുന്നു. നേരത്തെയുണ്ടായ ആക്രമണത്തിൽ മകളുടെ മുഖത്തും ശരീരത്തിലും മുറിവുകളുണ്ടായിരുന്നു. പല തവണ വിലക്കിയിട്ടും യുവാവ് വീട്ടിലെത്തി. മകളുടെ ആൺസുഹൃത്തിന്റെ ആക്രമണം ഭയന്നാണ് വീടു മാറിയതെന്നും പെൺകുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

മിക്കവാറും യുവാവ് വരുന്നത് താൻ അറിഞ്ഞിരുന്നില്ല. പിന്നീട് സമീപവാസികൾ പറഞ്ഞാണ് അറിയുന്നത്. ഏതെങ്കിലും പയ്യന്മാരുടെ പേരു പറഞ്ഞ് ആൺസുഹൃത്ത് മകളെ ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഈ ബന്ധം ദോഷം ചെയ്യുമെന്ന് മകളോട് പറഞ്ഞതാണ് എന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു. ശനിയാഴ്ച രാത്രി ഏതാണ്ട് 11 മണിയോടെ യുവാവ് വീട്ടിൽ വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നിട്ടുള്ളത്.

സംഭവത്തിൽ സംശയമുള്ള ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണെന്ന് പുത്തൻകുരിശ് ഡിവൈഎസ്പി വി ടി ഷാജൻ പറഞ്ഞു.