ബെംഗളൂരു : പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ.കെ.എം.ചെറിയാൻ (82) അന്തരിച്ചു. ഇന്നലെ രാത്രി 11.50ന് ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിലായിരുന്നു അന്ത്യം. ബെംഗളൂരുവിൽ സുഹൃത്തിന്റെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

രാജ്യത്തെ ആദ്യത്തെ കൊറോണറി ആർട്ടറി ബൈപാസ് ശസ്ത്രക്രിയ നടത്തിയ ഡോക്ടറാണ് ചെറിയാൻ. ആദ്യത്തെ പീഡിയാട്രിക് ഹാർട്ട് ട്രാൻസ്പ്ലാന്റ്, ആദ്യത്തെ ടിഎംആർ (ലേസർ ഹാർട്ട് സർജറി) എന്നിവ നടത്തിയതും അദ്ദേഹമാണ്. 1990 മുതൽ 1993 വരെ രാഷ്ട്രപതിയുടെ ഓണററി സർജനായിരുന്ന അദ്ദേഹത്തെ രാജ്യം 1991ൽ പത്മശ്രീ നൽകി ആദരിച്ചു. ഭാര്യ: സെലിൻ ചെറിയാൻ. മക്കൾ: സന്ധ്യ ചെറിയാൻ, ഡോ. സഞ്ജയ് ചെറിയാൻ.


1942ൽ കായംകുളത്ത് ജനിച്ച കെ.എം. ചെറിയാൻ, വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ ലക്ചററായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്.























