അശ്വിൻ പൂവാലനെപ്പോലെയെന്ന ജീവനക്കാരിയുടെ ആരോപണം; ഇവരുടെ ചെപ്പക്കുറ്റി അടിച്ചു പൊട്ടിക്കണമെന്ന് സ്വാസിക, ദിയയ്ക്ക് കൂടുതൽ പിന്തുണ

കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിചേർക്കപ്പെട്ട ജീവനക്കാരികളുടെ ആരോപണത്തിൽ ദിയ കൃഷ്ണയ്ക്ക് പിന്തുണയുമായി ചലച്ചിത്രതാരങ്ങൾ. സ്വാസിക, വീണാ നായർ, സോന നായർ തുടങ്ങിയവർ രം​ഗത്തെത്തി. ദിയയുടെ ഭർത്താവ് അശ്വിൻ ഗണേഷിനെതിരെ ജീവനക്കാരികൾ നടത്തിയ പൂവാല പരാമർശത്തിന് മറുപടിയുമായി ദിയ കൃഷ്ണ എത്തിയതിനു പിന്നാലെയാണ് സ്വാസികയും വീണാ നായരും സോന നായരും അഞ്ജു അരവിന്ദും കമന്റുമായി എത്തിയത്.

‘ഇവരുടെ ചെപ്പക്കുറ്റി അടിച്ചു പൊട്ടിക്കണം’ എന്ന് ഇൻസ്റ്റാഗ്രാമിൽ വൈറലായ റീൽ വിഡിയോയിൽ സ്വാസിക കമന്റ് ചെയ്തപ്പോൾ ‘പോക്രിത്തരം പറയുന്നോ?’ എന്ന് വീണാനായർ കുറിച്ചു. പൂട്ടണം ഈ മൂന്നെണ്ണത്തിെന എന്നായിരുന്നു സോന നായരുടെ കമന്റ്. ‘‘രാത്രി രണ്ട് മണിക്കും മൂന്ന് മണിക്കും വിളിച്ചിട്ടാണ് ദിയയുടെ ഭർത്താവ്, അത് പാക്ക് ചെയ്തോ, ഇതു പായ്ക്ക് ചെയ്തോ എന്നൊക്കെ നമ്മളോട് ചോദിക്കുന്നത്. രാത്രി ഒരു മണി, രണ്ട് മണിക്കൊക്കെ വിളിച്ചിട്ട് ഹലോ എന്ത് ചെയ്യുന്നു എന്നു ചോദിക്കും..പൂവാലൻമാരെ പോലെയാണ് സംസാരിക്കുന്നത്,’’ എന്നാണ് ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരി മാധ്യമങ്ങളോട് പറഞ്ഞത്. ഈ വിഡിയോ ഇൻസ്റ്റാഗ്രാമിൽ വന്നു ചർച്ചയായതോടെ ‘‘വീട്ടിൽ ബിരിയാണി ആണ് മോളേ. മണ്ണു വാരി അവൻ തിന്നാറില്ല.’’ എന്ന മറുപടിയുമായി ദിയ കൃഷ്ണ എത്തിയിരുന്നു. ‘‘അവൻ ഓടിക്കുന്നത് റോൾസ് റോയിസാണ് മോളെ. തള്ളി വണ്ടി നോക്കുവാണേൽ അറിയിക്കാമേ’’ എന്നും ദിയ കമന്റ് ചെയ്തിരുന്നു. ‘ഇന്നത്തെ മികച്ച കോമഡി അവാർഡ് ഈ പെൺകുട്ടിക്ക്’ എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വന്ന ഇവരുടെ റീൽ വിഡിയോയായാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. നിരവധി പേരാണ് ദിയ കൃഷ്ണയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. ദിയയുടെ മറുപടിക്ക് മാത്രം ഒരുലക്ഷത്തിൽപരം ലൈക്കുകളാണ് ലഭിച്ചത്.