മലപ്പുറം: താനൂരിൽ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. തുടരന്വേഷണത്തിനായി പൊലീസ് സംഘം വീണ്ടും മുംബൈയിലേക്ക് പോകുമെന്നാണ് സൂചന. കുട്ടികൾ സന്ദർശിച്ച മുംബൈയിലെ ബ്യൂട്ടിപാർലർ കേന്ദ്രീകരിച്ച് അന്വേഷണം നടക്കും. മുംബൈയിൽ പ്രാദേശികമായി ആരെങ്കിലും കുട്ടികളെ സഹായിച്ചു എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കും. പെൺകുട്ടികളെ നാട്ടിലെത്തിച്ചതിന് ശേഷമാണ് പൊലീസിൻ്റെ നീക്കം.

അതേസമയം, നാടുവിട്ട പെൺകുട്ടികളെ കുടുംബത്തിനൊപ്പം വിട്ടില്ല. കുട്ടികളെ റിഹാബിലിറ്റേഷൻ സെൻററിലേക്ക് മാറ്റുകയായിരുന്നു. മലപ്പുറത്തെ സ്നേഹിതയിലേക്കാണ് മാറ്റിയത്. കൗൺസിലിങ്ങ് നൽകിയതിനു ശേഷമെ ബന്ധുക്കൾക്കൊപ്പം വിടൂ എന്ന് പൊലീസ് പറഞ്ഞു. മലപ്പുറത്തെ സ്നേഹിതയിലേക്കാണ് മാറ്റിയത്. ഇതിൻറെ അടിസ്ഥാനത്തിലാണ് കൗൺസിലിങ് നൽകിയതിനുശേഷമെ ബന്ധുക്കൾക്കൊപ്പം വിട്ടയക്കുകയുള്ളുവെന്ന് പൊലീസ് തീരുമാനിച്ചത്. സംഭവത്തിൽ കുട്ടികൾക്കൊപ്പം യാത്ര ചെയ്ത യുവാവിൻറെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. താനൂർ പൊലീസാണ് കസ്റ്റഡിയിലുള്ള എടവണ്ണ സ്വദേശി ആലുങ്ങൽ അക്ബർ റഹീമിൻറെ (26) അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ തട്ടികൊണ്ട് പോകൽ, പോക്സോ ആക്ട് പ്രകാരമുള്ള മൊബൈൽ ഫോൺ ഉപയോഗിച്ച് പിന്തുടരൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്.

























