മിഥുന്റെ അമ്മ നാട്ടിലെത്തി

കൊല്ലം/ കൊച്ചി: തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർഥി മിഥുന്റെ അമ്മ സുജ വിദേശത്തുനിന്നും നാട്ടിലെത്തി. തുർക്കിയിലായിരുന്നു സുജ ഇൻഡിഗോ വിമാനത്തിലാണ് കൊച്ചിയിലെത്തിയത്. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലിറങ്ങിയ സുജയെ ബന്ധുക്കൾ വീട്ടിലേക്ക് കൊണ്ടുപോയി. അൻവർ സാദത്ത് എംഎൽഎ ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രവർത്തകരും വിമാനത്താവളത്തിലെത്തിയിരുന്നു. ഇളയമകനെ കണ്ടതോടെ അവനെ ചേർത്തുപിടിച്ച് പൊട്ടിക്കരഞ്ഞു. ഇന്ന് വൈകിട്ട് 5നാണ് മിഥുന്റെ സംസ്കാരം. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്നും 10 മണിയോടെ മിഥുന്റെ മൃതദേഹം സ്കൂളിൽ എത്തിക്കും. 12 മണിവരെ സ്കൂളിൽ പൊതുദർശനം ഉണ്ടായിരിക്കും. തുടർന്ന് മൃതദേഹം ശാസ്താംകോട്ട വിളന്തറയിലെ വീട്ടിലേക്കു കൊണ്ടുപോകും.

അതേസമയം, മിഥുന്റെ മരണത്തിൽ കെഎസ്ഇബി നടപടി വൈകുമെന്നാണ് വിവരം. സുരക്ഷാ കമ്മിഷണറുടെ റിപ്പോർട്ട് ലഭിച്ച ശേഷമാകും നടപടി. മരണത്തിന് ഇടയാക്കിയ വൈദ്യുതി ലൈനുകൾ ഇന്ന് കെഎസ്ഇബി നീക്കം ചെയ്യും. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് നിർമിച്ച സൈക്കിൾ ഷെഡിനു മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റാണ് മിഥുൻ മരിച്ചത്.