‘ചർച്ചയിൽ നിമിഷപ്രിയയുടെ കുടുംബാംഗങ്ങൾ മാത്രം മതി, മറ്റുള്ളവരുടെ ഇടപെടൽ ഫലം ചെയ്യില്ല’; കേന്ദ്രം

ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി ന്‌ഴ്‌സ് നിമിഷ പ്രിയയുടെ കുടുംബാംഗങ്ങൾ മാത്രം കൊല്ലപ്പെട്ട തലാലിൻറെ ബന്ധുക്കളുമായുള്ള ചർച്ചകളിൽ പങ്കെടുക്കുന്നതാണ് നല്ലതെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. പുറത്തു നിന്നുള്ള മറ്റേതൊരു സംഘടനയുടെയും ഇടപെടൽ ഫലം ചെയ്യുമെന്നു കരുതുന്നില്ലന്ന് കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി സുപ്രീംകോടതിയിൽ പറഞ്ഞു.

ഒരു സംഘടനയെ ഇടപെടാൻ അനുവദിച്ചാൽ, സർക്കാരിന് ഒന്നും ചെയ്യാൻ കഴിയില്ലെന്ന ആഖ്യാനമുണ്ടാകാൻ എളുപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘നല്ല ഉദ്ദേശ്യത്തോടെ ഒരു സംഘടന ഇടപെടുന്നതിൽ പ്രശ്നമൊന്നുമില്ല. എന്നാൽ സർക്കാരിന് ഒന്നും ചെയ്യാനില്ല എന്ന മട്ടിൽ വാർത്തയാവുകയാണ്. സർക്കാർ എല്ലാ രീതിയിലും ശ്രമിക്കുകയാണ്. സർക്കാരിന് ചെയ്യാൻ കഴിയാത്തത് ഒരു സംഘടനയ്ക്ക് ചെയ്യാൻ കഴിയുമോ എന്നറിയില്ല, അദ്ദേഹം പറഞ്ഞു.

മുതിർന്ന അഭിഭാഷകൻ ആർ ബസന്ത് ആണ് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിലിന് വേണ്ടി ഹാജരായത്. യെമനിലേയ്ക്ക് പ്രതിനിധി സംഘത്തെ അയക്കാൻ അനുമതി വേണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. ആദ്യഘട്ടത്തിൽ തലാലിന്റെ കുടുംബം മാപ്പ് നൽകുകയാണ് വേണ്ടതെന്നും രണ്ടാമതാണ് ബ്ലഡ് മണിയെക്കുറിച്ച് ചിന്തിക്കേണ്ടതെന്നും ബസന്ത് കോടതിയിൽ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ യെമനിലേയ്ക്ക് ഇന്ത്യയിൽ നിന്നും യാത്രാവിലക്കുണ്ട്. ഈ സാഹചര്യം ചൂണ്ടിക്കാട്ടി തലാലിന്റെ കുടുംബത്തെ കാണാൻ പ്രത്യേക അനുമതി നൽകാനും ഒരു പ്രതിനിധി സംഘത്തിന്റെ യാത്രയ്ക്ക് ക്രമീകരണം ചെയ്യാനും ബസന്ത് കേന്ദ്രത്തോട് അഭ്യർത്ഥിച്ചു.

വധശിക്ഷ മാറ്റിവയ്ക്കുന്നതിൽ ഇടപെടൽ നടത്തിയ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനെക്കുറിച്ചും ബസന്ത് കോടതിയിൽ പരാമർശിച്ചു. കേരളത്തിൽ നിന്നുള്ള വളരെ ആദരണീയനായ ഒരു മതപണ്ഡിതനും വിഷയത്തിൽ ഇടപെടൽ നടത്തിയിട്ടുണ്ടെന്ന് ബസന്ത് കോടതിയിൽ പറഞ്ഞു.