കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളില്‍ ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥി മിഥുന്റെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. മൃതദേഹം ശാസ്താംകോട്ട ആശുപത്രി മോർച്ചറിയിലേക്കു മാറ്റും. അമ്മ വിദേശത്തുനിന്ന് എത്തിയശേഷമാകും സംസ്കാരം. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി നിർദേശം നൽകി. കുടുംബത്തിന് ആദ്യഘട്ടത്തിൽ അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് വൈദ്യുതമന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു.

കെഎസ്ഇബിയുടെ ഭാഗത്തും സ്കൂൾ മാനേജ്മെന്റിന്റെ ഭാഗത്തും വീഴ്ചയുണ്ടായി. ഷെഡ് കെട്ടുമ്പോൾ അനുമതി തേടിയിട്ടില്ല. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടെങ്കിൽ നടപടിയെടുക്കും.15 ദിവസത്തിനുള്ളിൽ വിശദറിപ്പോർട്ട് കെഎസ്ഇബിയും ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറും നൽകണമെന്നും മന്ത്രി നിർദേശിച്ചു. സംഭവം ചീഫ് സേഫ്റ്റി കമ്മിഷണർ അന്വേഷിക്കും. ഒന്നരയാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കും. രാവിലെ എട്ടരയോടെയാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാർഥി മിഥുനാണ് (13) മരിച്ചത്.സൈക്കിൾ ഷെഡിനു മുകളിൽ വീണ ചെരുപ്പ് എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് ഷോക്കേറ്റതെന്നാണ് വിവരം. ഇലക്ട്രിക് ലൈൻ താഴ്ന്നു കിടക്കുകയായിരുന്നു.

























