വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യും

കൊല്ലം: തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യും. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സ്കൂളിൽ ഇന്നും പരിശോധന നടത്തും. മിഥുന്റെ മരണത്തിൽ പ്രതിഷേധിച്ച് കെഎസ്‌യു ഇന്ന് പഠിപ്പു മുടക്കും. സ്കൂളിലേക്ക് ഇന്ന് വിവിധ സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തും. മരിച്ച എട്ടാംക്ലാസുകാരൻ മിഥുന്റെ മൃതദേഹം നാളെ സംസ്കരിക്കും.

ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു സംഭവം. കളിക്കുന്നതിനിടെ സൈക്കിൾ ഷെഡിന് മുകളിലേക്ക് വീണ ചെരുപ്പെടുക്കാൻ ശ്രമിക്കുമ്പോഴാണ് മിഥുന് ഷോക്കേറ്റത്. കാൽ തെന്നിയ മിഥുൻ താഴ്ന്നുകിടന്ന വൈദ്യുതി ലൈനിൽ പിടിച്ചപ്പോഴാണ് അപകടം. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ശാസ്താംകോട്ട തലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വിദേശത്തുള്ള അമ്മയെ മിഥുന്റെ മരണവിവരം അറിയിച്ചു. നാളെയാകും സംസ്‌ക്കാര ചടങ്ങുകൾ നടക്കുക. അപകടകരമായ നിലയിൽ സ്‌കൂൾ കെട്ടിടത്തിന് മുകളിലൂടെ കടന്നുപോയ വൈദ്യുതിലൈൻ രാത്രി വൈകി വിഛേദിച്ചു.