അൻസിബയുടെ പരാതി; നടൻ ടിനി ടോമിനെതിരെ ഇന്ന് കേസെടുക്കും

കൊച്ചി: നടി അൻസിബ ഹസ്സന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ ഇന്ന് കേസെടുക്കും. കടവന്ത്ര പൊലീസായിരിക്കും ടിനി ടോമിനെതിരെ കേസെടുക്കുക. ടിനിക്കെതിരെ കേസെടുക്കാൻ കടവന്ത്ര പൊലീസിന് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ചൊവ്വാഴ്ച നിർദ്ദേശം നൽകിയിരുന്നു. കേട്ടറിവിന്റെ അടിസ്ഥാനത്തിലുള്ള പരാതിയിൽ കേസെടുക്കേണ്ടതില്ല എന്നായിരുന്നു പൊലീസിന്റെ നിലപാട്. ഇതിനെതിരെ അൻസിബ കോടതിയെ സമീപിക്കുകയായിരുന്നു.

ജൂൺ ഒന്നിനാണ് അൻസിബ ടിനിക്കെതിരെ പൊലീസിൽ പരാതി നൽകിയത്. ടിനി ടോം തനിക്കെതിരെ തുടർച്ചയായി അപവാദ പ്രചാരണം നടത്തിയെന്നായിരുന്നു നടിയുടെ പരാതി. ടിനി ടോമിന്റെ ഡ്രൈവറെ താൻ മതം മാറ്റാൻ ശ്രമിച്ചു എന്നതുൾപ്പെടെ വ്യാജ പ്രചരണങ്ങൾ നടത്തിയെന്നും തന്നെയും കുടുംബത്തെയും വേട്ടയാടാൻ ശ്രമിച്ചുവെന്നും അൻസിബ ആരോപിച്ചിരുന്നു. താൻ കടുത്ത മാനസിക പീഡനത്തിന് ഇരയായെന്നും ടിനി ടോമിന്റേത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും അൻസിബ പരാതിയിൽ ആരോപിച്ചിരുന്നു. മാധ്യമങ്ങളിലൂട വെളിപ്പെടുത്തൽ നടത്തിയ ശേഷമായിരുന്നു അൻസിബ പൊലീസിൽ പരാതി നൽകിയത്.

പരാതിയുടെ അടിസ്ഥാനത്തിൽ കടവന്ത്ര പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ നടിമാരായ ശ്വേതാ മേനോൻ, നീന കുറുപ്പ്, ടിനി ടോം എന്നിവരുടെ മൊഴികൾ രേഖപ്പെടുത്തിയിരുന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പിൽ വന്ന പരാമർശം അൻസിബയെ ഉദ്ദേശിച്ചുള്ളതല്ലെന്നും പൊതുവായ ഒന്നാണെന്നുമായിരുന്നു ശ്വേത മേനോൻ നൽകിയ മൊഴി. താൻ അത്തരം വാക്കുകൾ പ്രയോഗിച്ചിട്ടില്ലെന്നായിരുന്നു ടിനി ടോമിന്റെ മൊഴി. ചില കാര്യങ്ങൾ കേട്ടതായായിരുന്നു നീന കുറുപ്പ് പറഞ്ഞത്. എന്നാൽ അതിന് കൃത്യമായ തെളിവുകളോ സമയമോ വ്യക്തമാക്കാൻ നീന കുറുപ്പിന് കഴിഞ്ഞില്ലെന്നാണ് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞത്. കൂടാതെ മറ്റ് സാക്ഷികളാരും ഇത്തരം പരാമർശങ്ങൾ കേട്ടതായി സ്ഥിരീകരിച്ചിട്ടില്ലെന്നും പൊലീസ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. മറ്റൊരാൾ പറഞ്ഞുകേട്ടതിന്റെ അടിസ്ഥാനത്തിലുള്ള പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. ഈ പൊലീസ് റിപ്പോർട്ടിനെതിരെ അൻസിബ കോടതിയെ സമീപിക്കുകയായിരുന്നു.