പിണറായി വിജയന്റെ യാത്ര മുടങ്ങിയ സംഭവം; കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർക്ക് സസ്പെൻഷൻ

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ, ഡൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ള യാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫിസർക്ക് സസ്‌പെൻഷൻ. ഡൽഹി കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫീസർ ആർ ശ്രീകുമാറിനെയാണ് സസ്‌പെൻഡ് ചെയ്തത്. സംഭവത്തിൽ ചീഫ് സെക്രട്ടറി ഇൻഡിഗോയിൽ നിന്നും വിശദീകരണം തേടിയിരുന്നു. കേരള ഹൗസ് റസിഡന്റ് കമ്മിഷണറും ചീഫ് സെക്രട്ടറിക്ക് റിപ്പേർട്ട് നൽകും.

സമയത്ത് വിമാനത്താവളത്തിൽ എത്തിയിട്ടും പിണറായി വിജയന്റെ കോഴിക്കോട്ടേക്കുള്ള യാത്ര മുടങ്ങുകയായിരുന്നു. സംഭവത്തിൽ കേരള ഹൗസ് റസിഡന്റ് കമ്മീഷണർ കുമാറിന്റെ നിർദ്ദേശം അനുസരിച്ച്, ബന്ധപ്പെട്ട വകുപ്പ് ജീവനക്കാരുടെ യോഗം വിളിച്ച് രേഖാമൂലം വിശദീകരണം തേടിയിരുന്നു. പ്രതിപക്ഷ നേതാവിന്റെ യാത്രയുടെ കാര്യം ഇൻഡിഗോ കമ്പനിയെ ഇമെയിലിലൂടെയും വിമാനത്താവളത്തിൽ എത്തിയശേഷം വാക്കാലും അറിയിച്ചിരുന്നു എന്നാണ് പ്രോട്ടോകോൾ ഓഫീസർ നൽകിയ വിശദീകരണം.

അതേസമയം, ഇമെയിൽ ലഭിച്ചില്ലെന്നാണ് കഴിഞ്ഞദിവസം ഇൻഡിഗോ കമ്പനി അറിയിച്ചത്. ഈ പശ്ചാത്തലത്തിലാണ് ചീഫ് സെക്രട്ടറി എ ജയ തിലക് ഇൻഡിഗോ കമ്പനിയിൽ നിന്നും വിശദീകരണം തേടിയത്. സംഭവത്തിൽ പ്രോട്ടോകോൾ വിഭാഗത്തിന് വീഴ്ച പറ്റിയെന്നും, വീഴ്ച വരുത്തിയ അവർക്കെതിരെ അച്ചടക്കം നടപടി ഉടൻ ഉണ്ടാകും എന്നും എ ആർ സി അശ്വതി ശ്രീനിവാസ് ഇന്നലെ തന്നെ അറിയിച്ചിരുന്നു.