ദളിത് യുവതിയെ ജോലി വാഗ്ദാനം നൽകി പീഡിപ്പിച്ച കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭ് വത്സന് ജാമ്യമില്ല

പാലക്കാട്: ദളിത് യുവതിയെ ജോലി വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് വത്സന് ജാമ്യമില്ല. പ്രശോഭിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നേരത്തെ മണ്ണാർക്കാട് എസ്‌സി-എസ്ടി കോടതി പ്രശോഭിന് ജാമ്യം നിഷേധിച്ചിരുന്നു. പിന്നാലെയാണ് പ്രശോഭ് ഹൈക്കോടതിയെ സമീപിച്ചത്. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം സൗഹൃദം നടിച്ച് താമസസ്ഥലത്തേക്ക് അതിക്രമിച്ച് കയറി പ്രശോഭ് ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു മുഖ്യമന്ത്രിക്ക് അതിജീവിത നൽകിയ പരാതി.

ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പാലക്കാട് ടൗൺ സൗത്ത് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസെടുത്തതിന് പിന്നാലെ പ്രശോഭ് വത്സൻ ഒളിവിൽ പോയിരുന്നു. മാസങ്ങളോളം പൊലീസ് തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ പിടികൂടാനായിരുന്നില്ല. തുടർന്ന് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ പ്രശോഭ് വത്സൻ കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ മാസം 27നാണ് പ്രശോഭ് വത്സൻ കീഴടങ്ങിയത്. ബലാത്സംഗം, എസ്‌സി-എസ്ടി പീഡന നിരോധന നിയമം എന്നീ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് പ്രശോഭിനെതിരെ കേസെടുത്തത്. സംഭവം രാഷ്ട്രീയ വിവാദമായതോടെ ഡിസിസി നേതൃത്വം ഇടപെട്ട് പ്രശോഭിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.