ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി പ്രതിസന്ധിക്ക് പരിഹാരം കാണാൻ സോണിയാ ഗാന്ധി തന്റെ ഏറ്റവും വിശ്വസ്തനായ സഹപ്രവർത്തകൻ എ.കെ. ആന്റണിയെ വിളിച്ചതായി എൻഡിടിവി റിപ്പോർട്ട്. ദിവസങ്ങളോളം വിഷയത്തിൽ ആശയവിനിമയങ്ങൾ നടന്നു. പ്രതിനിധികളായി അജയ് മാക്കൻ, മുതിർന്ന നേതാവ് മുകുൾ വാസ്നിക് എന്നിവരെ കേരളത്തിലേക്ക് അയച്ചു. എംഎൽഎമാരുടെയും മറ്റ് നേതാക്കളുടെയും അഭിപ്രായങ്ങൾ രാഹുൽ ഗാന്ധി നേരിട്ടുകേട്ടു. പിന്നീട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി രാഹുൽ സംസാരിച്ചു. മുഖ്യമന്ത്രി സ്ഥാനാർഥികൾ ആരും വിട്ടുവീഴ്ചക്ക് തയ്യാറാകാത്ത സാഹചര്യത്തിൽ കോൺഗ്രസിനെ വട്ടംകറക്കിയ ഈ വിഷയത്തിൽ വ്യക്തത വരുത്താൻ സോണിയ ഗാന്ധിയെ ഉൾപ്പെടുത്താൻ പാർട്ടി തീരുമാനിച്ചു.

സോണിയ ഗാന്ധി എ.കെ. ആന്റണിയെ വിളിച്ചതോടെയാണ് കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന് തീരുമാനിക്കപ്പെട്ടത്. ആന്റണി മൂന്ന് തവണ കേരള മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ്. 2004 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നയിച്ച യുഡിഎഫ് നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ അദ്ദേഹം ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. തുടർന്ന്, ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി നിയമിതനായി, ആന്റണി കേന്ദ്രമന്ത്രിയായി പ്രവർത്തിച്ചു.സത്യസന്ധതയ്ക്കും 10 ജൻപഥ് (സോണിയ ഗാന്ധിയുടെ ഔദ്യോഗികവസതി) യോടുള്ള അടുപ്പത്തിനും ആന്റണി അറിയപ്പെടുന്നു. രാജിക്കത്ത് എപ്പോഴും പോക്കറ്റിൽ കരുതുന്ന നേതാവ് എന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ഡൽഹിയിലെ രാഷ്ട്രീയജീവിതത്തോട് വിടപറഞ്ഞ് കേരളത്തിലേക്ക് മടങ്ങുമ്പോൾ, തന്റെ കൈവശമുള്ള സാധനങ്ങൾ ഉൾക്കൊള്ളുന്ന ഒരു പെട്ടി മാത്രമെടുത്താണ് ആന്റണി യാത്ര തിരിച്ചത് കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയായി നിയമിതനാവുകയാണെങ്കിൽ നിലവിലുള്ള ഒരു എംഎൽഎ രാജിവെക്കേണ്ടിവരുമെന്നും നിലവിൽ പാർലമെന്റ് അംഗമായതിനാൽ അദ്ദേഹത്തിന്റെ പാർലമെന്റ് മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.


രണ്ട് ഉപതിരഞ്ഞെടുപ്പുകളുടെ ഫലം പ്രവചനാതീതമാവാം എന്നത് കണക്കിലെടുത്ത്, ഇത്തരം ഒരു സാഹചര്യം കോൺഗ്രസ് ഒഴിവാക്കണമെന്ന് ആന്റണി സോണിയ ഗാന്ധിയോട് പറഞ്ഞു. ജനങ്ങൾ വി.ഡി. സതീശന് അനുകൂലമായി വോട്ട് ചെയ്തെന്നും കോൺഗ്രസിന്റെ സഖ്യകക്ഷികളും അദ്ദേഹത്തെ പിന്തുണയ്ക്കുന്നുണ്ടെന്നും ആന്റണി സോണിയ ഗാന്ധിയോട് പറഞ്ഞു. ഈ ടെലിഫോൺ സംഭാഷണം കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥി നിർണ്ണയത്തെ പൂർണ്ണമായും മാറ്റിമറിച്ചതായി വൃത്തങ്ങൾ പറഞ്ഞു. കേരളത്തിന്റെ മുഖ്യമന്ത്രി ആരായിരിക്കണം എന്ന കാര്യത്തിൽ സോണിയ ഗാന്ധി തീരുമാനമെടുത്തു. തുടർന്ന്, രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലുമായി സംസാരിച്ച് അദ്ദേഹത്തോട് ഡൽഹിയിൽ തുടരാൻ അഭ്യർഥിക്കാനും വി.ഡി. സതീശനെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി നിയമിക്കാനും തീരുമാനിച്ചു. കോൺഗ്രസ് നിരീക്ഷകരും സംസ്ഥാന ചുമതലക്കാരും കേരളത്തിലേക്ക് യാത്ര ചെയ്യുമെന്നും അവിടെ വെച്ച് സതീശൻ ഔദ്യോഗികമായി നിയമസഭാ പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെടുമെന്നും തീരുമാനമായി.























