നടി വീണ നായരും സ്വാതി സുരേഷും (ആർജെ അമൻ) ഔദ്യോഗികമായി വിവാഹമോചിതരായി. കുടുംബ കോടതിയിൽ എത്തിയാണ് വിവാഹ മോചനത്തിൻറെ അവസാന നടപടികൾ ഇരുവരും പൂർത്തിയാക്കിയത്. 2014ൽ ആണ് വീണ നായരും ആർജെ അമൻ ഭൈമി എന്ന സ്വാതി സുരേഷും വിവാഹിതരായത്. ഇരുവർക്കും ഒരു മകനുണ്ട്. 2022ലാണ് ഇരുവരും പിരിയുന്നുവെന്ന തരത്തിൽ വാർത്തകൾ വന്നു തുടങ്ങിയത്.

പിന്നീട് തങ്ങൾ ഒരുമിച്ചല്ല എന്ന് സ്ഥിരീകരിച്ച വീണ നായർ നിയമപരമായി ബന്ധം വേർപെടുത്തിയിട്ടില്ല എന്നും വ്യക്തമാക്കിയിരുന്നു. വേർപിരിഞ്ഞ് ജീവിക്കാൻ തുടങ്ങി, മൂന്ന് വർഷത്തിനുശേഷമാണ് നിയമപരമായി ബന്ധം വേർപെടുത്തുന്നത്.


മകൻ തങ്ങൾ രണ്ട് പേർക്കുമൊപ്പം മാറി മാറി വളരുമെന്നും ഈ അടുത്ത് അഭിമുഖത്തിൽ വീണ പറഞ്ഞിരുന്നു. ഞങ്ങൾ തമ്മിലുള്ള പ്രശ്നം അത് ഞങ്ങൾ തമ്മിലുള്ള പ്രശ്നം മാത്രമാണ്. എല്ലാവരുടെയും ജീവിതത്തിൽ എല്ലാ കാര്യത്തിനും ഒരു ഫുൾ സ്റ്റോപ്പ് ഉണ്ടാകും. അതുപോലൊരു ഫുൾ സ്റ്റോപ്പ് ഇക്കാര്യത്തിലും ഉണ്ടാകും. അതെങ്ങനെയാണ് എന്നുള്ളത് വൈകാതെ അറിയിക്കും.
അദ്ദേഹത്തിന്റെ പോസ്റ്റ് ഞാനും കണ്ടിരുന്നു. അതിനുള്ള എല്ലാ അവകാശവും അദ്ദേഹത്തിനുണ്ട്. മറ്റൊരു സ്‌ത്രീയാണ് അദ്ദേഹത്തിന് ശരിയായി തോന്നുതെങ്കിൽ ഞാനെന്തു പറയാനാണ്. നേരത്തെയൊക്കെ ഇങ്ങനെ ചോദിക്കുമ്പോൾ ഒരു ബുദ്ധിമുട്ട് വരും. എനിക്കൊരു മകനുണ്ട്, അവന്റെ കാര്യങ്ങൾ നോക്കി നടത്തണം. പ്രഫഷനായി മുന്നോട്ടു പോകണം. നിയമപരമായി ഞങ്ങൾ വിവാഹമോചിതരായിട്ടില്ല. അകന്നു കഴിയുകയാണ് എന്നത് സത്യമാണ്.’’–വീണ നായരുടെ വാക്കുകൾ.
ബിഗ്ബോസ് ദാമ്പത്യജീവിതത്തെ ബാധിച്ചു എന്ന തരത്തിലുള്ള വാർത്തകളും വീണ നിഷേധിച്ചു. ‘‘ഒരു ഷോ കാരണമൊന്നും തകരുന്നതല്ല കുടുംബം. അത് കുറേ നാളുകളായുള്ള യാത്രകൾകൊണ്ട് സംഭവിക്കുന്നതാണ്. ബിഗ് ബോസ് കാരണം എന്റെയും മഞ്ജു പത്രോസിന്റെയുമൊക്കെ കുടുംബം തകർന്നുവെന്ന് പല കമന്റുകളും കണ്ടിരുന്നു. അതങ്ങനല്ല.’’–വീണയുടെ വാക്കുകൾ.























