‘നടന്റെ പേര് പറയില്ല, പരാതി എങ്ങനെ പുറത്തുവന്നു എന്നറിയില്ല ‘: വിൻസി അലോഷ്യസ്

സിനിമാ സെറ്റിൽ മോശമായി പെരുമാറിയതിനെ തുടർന്ന് നടനെതിരെ താരസംഘടനയ്ക്ക്‌ പരാതി നൽകിയതിന് പിന്നാലെ പ്രതികരിച്ച് നടി വിൻ സി അലോഷ്യസ്. ആ നടന്റെ പേരും സിനിമയുടെ പേരും പുറത്തുപറയരുതെന്ന് പരാതിയിൽ പ്രത്യേകം പറഞ്ഞിരുന്നുവെന്നും അത് എങ്ങനെയാണ് മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയതെന്ന് അറിയില്ലെന്നും വിൻ സി പ്രതികരിച്ചു. ഒരാളുടെ മോശം പെരുമാറ്റം കാരണം ഒരു സിനിമ മുഴുവൻ അതിന്റെ പ്രശ്‌നങ്ങൾ അനുഭവിക്കരുതെന്നും അദ്ദേഹം അഭിനയിച്ച പുറത്തിറങ്ങാനുള്ള സിനിമകളുടെ വിജയപരാജയങ്ങളെ ബാധിക്കരുതെന്നും കരുതിയാണ് പേര് വെളിപ്പെടുത്താതിരുന്നതെന്നും വിൻ സി വ്യക്തമാക്കി.

‘പരാതി എങ്ങനെ പുറത്തുവന്നത് എന്ന് എനിക്കറിയില്ല. ആ നടന്റെ പേരോ സിനിമയുടെ പേരേ മാധ്യമങ്ങൾക്ക് മുന്നിലോ പൊതുസമൂഹത്തിന് മുന്നിലോ വരരുതെന്ന് ഞാൻ വ്യക്തമായി പരാതിയിൽ പറഞ്ഞിരുന്നു. കാരണം ഒരാളുടെ തെറ്റ് കാരണം അയാൾ അഭിനയിച്ച ഇറങ്ങാനിരിക്കുന്ന എല്ലാ സിനിമകളേയും അത് ബാധിക്കാൻ പാടില്ല. ഒരാൾ കാരണം ബാക്കിയുള്ളവർ ക്രൂശിക്കപ്പെടരുത് എന്ന് കരുതുന്ന ആളാണ് ഞാൻ. അതിനാലാണ് പരാതിയിൽ അത് വ്യക്തമായി പറഞ്ഞിരുന്നത്. അത് എങ്ങനെ പുറത്തുവന്നു എന്ന് എനിക്കറിയില്ല. ഇങ്ങനെയൊരു പ്രശ്‌നം വന്നപ്പോൾ ആദ്യം ഞാൻ ഒറ്റക്കായിരുന്നെങ്കിലും പിന്നീട് ഒരുപാട് പേർ പിന്തുണയുമായെത്തി. സിനിമാ രംഗത്തുള്ള എല്ലാ സംഘടനകളും ബന്ധപ്പെടുകയും അതിന്റെ നിയമനടപടികൾ പറഞ്ഞുതരികയും ചെയ്തിരുന്നു.

ഈ സിനിമയ്ക്കും ഇന്റേണൽ കമ്മിറ്റി ഉണ്ടായിരുന്നു. സിനിമാ സെറ്റിൽ അത് സംഭവിച്ചപ്പോൾ ഐസി അംഗം എന്നെ ബന്ധപ്പെടുകയും പരാതിയുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തിരുന്നു. ആ സിനിമയുടെ ഷൂട്ടിങ് അവസാന ഘട്ടത്തിൽ എത്തിയിരിക്കുന്ന സമയം ആയതിനാലാണ് അന്ന് പരാതി നൽകാതിരുന്നത്. ആ സിനിമയ്ക്കുണ്ടാകുന്ന പ്രശ്‌നങ്ങൾ മുൻകൂട്ടി കണ്ടാണ് പരാതി നൽകാതിരുന്നത്. അതിനാലാണ് വ്യക്തിപരമായി തീരുമാനെടുത്തത്. ലഹരി ഉപയോഗിക്കുന്നവരുമായി സിനിമ ചെയ്യില്ല എന്ന് നിലപാട് എടുക്കുകയും ചെയ്തത്.

എനിക്ക് ലഭിക്കുന്ന പിന്തുണയ്ക്ക് ഒരുപാട് നന്ദിയുണ്ട്. അമ്മ, ഫെഫ്ക, ഡബ്ല്യുസിസി, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സംഘടനകളെല്ലാം എന്നോട് സംസാരിച്ചിരുന്നു. സിനിമാ സെറ്റിലെ ഐസിയുടെ മോണിറ്ററിങ് കമ്മിറ്റി സമീപിച്ചിരുന്നു.

ഈ വ്യക്തിയുടെ പേര് പറഞ്ഞിട്ടോ ആളുകളുടെ മുന്നിലിട്ടുകൊടുത്തിട്ടോ എനിക്കൊന്നും ആവേണ്ട. സിനിമാ സെറ്റിൽ മാന്യമായി ജോലി ചെയ്യാനുള്ള അവസരം ഉണ്ടാകണം എന്നത് മാത്രമാണ് എന്റെ ആവശ്യം. ഒരു ജോലി സ്ഥലത്ത് പുക വലിക്കാൻ പ്രത്യേക സ്ഥലം ഉണ്ടാകും. എന്നാൽ സിനിമാ സെറ്റിൽ അങ്ങനെയുള്ള സംവിധാനം ഒന്നുമില്ല. എല്ലാവരുടേയും മുമ്പിൽവെച്ച് സിഗരറ്റ് വലിക്കുന്ന സ്വഭാവം നല്ലതല്ല. അതിന് ബ്രേക്ക് സമയം ഉപയോഗപ്പെടുത്താമല്ലോ.

അദ്ദേഹത്തിന്റെ തൊഴിൽ നിഷേധിക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്. കാരണം കഴിവുള്ള നടനാണ്. തെറ്റ് തിരുത്തി അദ്ദേഹം മുന്നോട്ടുവരണമെന്നാണ് ആഗ്രഹം. എല്ലാവർക്കും അവരുടെ തെറ്റ് തിരുത്താനുള്ള അവസരം നമ്മൾ നൽകണമല്ലോ.

ആ സിനിമയിലുള്ള മറ്റുള്ളവരെല്ലാം നല്ല രീതിയിലാണ് പെരുമാറിയത്. ഞാൻ പരാതിപ്പെട്ടപ്പോൾ സംവിധായകൻ അദ്ദേഹത്തെ താക്കീത് ചെയ്തതാണ്. എന്റെ കൂടെ അഭിനയിച്ച മറ്റൊരു പെൺകുട്ടിയാണ് അദ്ദേഹത്തിന്റെ മോശം പെരുമാറ്റം കാരണം കൂടുതൽ ബുദ്ധിമുട്ടിയത്. അവർ അത്രയും വിഷമിച്ചാണ് സെറ്റിൽനിന്ന് മടങ്ങിയത്. ഞാൻ ആ സമയത്തുതന്നെ അദ്ദേഹം മോശമായി സംസാരിച്ചപ്പോൾ മറുപടി നൽകിയിരുന്നു. എന്നാൽ പുതുമുഖമായി എത്തുന്ന നടിമാർക്കൊന്നും അങ്ങനെ പറയാനുള്ള ധൈര്യമുണ്ടാകില്ല.

സംഘടനകൾ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നത്. അത് എങ്ങനെയായിരിക്കുമെന്ന് അറിയാനാണ് ഞാനും കാത്തിരിക്കുന്നത്. ‘-വിൻസി വ്യക്തമാക്കുന്നു.