മാസ്ക് ധരിക്കണമെന്നും അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണം; മന്ത്രി

പത്തനംതിട്ട: കേരളം കൃത്യമായി കൊവിഡ് കണക്കുകൾ റിപ്പോർട്ട് ചെയ്യുന്നതുകൊണ്ടാണ് കണക്ക് വർധിക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി പറഞ്ഞു. വ്യാപന ശേഷി കൂടുതലാണെങ്കിലും രോഗ തീവ്രത കുറവാണ്. മറ്റു രോഗങ്ങൾ ഉള്ളവർ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്നും അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുകയാണ്. 10 ദിവസത്തിനിടെ ആകെ രോ​ഗികളുടെ എണ്ണം 15 മടങ്ങ് വർധിച്ച് 3961ആയി. നിലവിൽ രാജ്യത്തെ ആകെ കേസുകളിൽ 36 ശതമാനവും കേരളത്തിലാണ്.

24 മണിക്കൂറിനിടെ 203 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു. രാജ്യത്താകെ 3961 കൊവിഡ് രോ​ഗികളാണ് ഉള്ളത്. കേരളത്തിൽ 35 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ ആക്ടീവ് കേസുകൾ 1435 ആണ്. കേരളത്തിലും മഹാരാഷ്ട്രയിലും 8 കൊവിഡ് മരണമുണ്ടായി. ഈ വർഷം രാജ്യത്താകെ 32 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസം 22 ന് 257 കൊവിഡ് രോ​ഗികളാണ് രാജ്യത്താകെ ഉണ്ടായിരുന്നത്. പത്ത് ദിവസം കൊണ്ടാണ് രോ​ഗികളുടെ എണ്ണം ഉയർന്ന് നാലായിരത്തിനടുത്തെത്തിയത്. 24 മണിക്കൂറിനിടെ വിവിധ സംസ്ഥാനങ്ങളിലായി 203 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. 4 കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തു. ഒരു മരണം കേരളത്തിലാണ്. 24 മണിക്കൂറിനിടെ 35 കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ കേരളത്തിൽ ആകെ 1435 രോ​ഗികൾ ചികിത്സയിലുണ്ട്.