ചെന്നൈ: അണ്ണാ സർവകലാശാല ക്യാംപസിൽ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി ജ്ഞാനശേഖരന് (37) ജീവപര്യന്തം തടവ്. രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥിനി സുഹൃത്തിനൊപ്പം ക്യാംപസിലെ ഹോസ്റ്റലിലേക്കു മടങ്ങും വഴി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും ദൃശ്യങ്ങൾ പകർത്തിയെന്നുമുള്ള കേസിൽ മഹിളാ കോടതിയുടേതാണ് ഉത്തരവ്. പ്രതിയ്‌ക്കെതിരെ 11 കുറ്റങ്ങൾ സംശയാതീതമായി തെളിഞ്ഞതായും ഇയാളെ 30 വർഷം കഴിയാതെ പുറത്തുവിടരുതെന്നും ജഡ്ജി എം. രാജലക്ഷ്മി വിധിയിൽ വ്യക്തമാക്കുന്നു.

2024 ഡിസംബർ 23 ന് നടന്ന സംഭവത്തിൽ ഫെബ്രുവരി 24നാണു പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. മൂന്ന് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കിയാണ് ഇപ്പോൾ വിധി പറഞ്ഞിരിക്കുന്നത്. ക്യാംപസിന് സമീപം ബിരിയാണി വിൽക്കുന്നയാളാണ് ജ്ഞാനശേഖരൻ. കുടുംബത്തിന്റെ ഏക ആശ്രയം താനാണെന്നും കടുത്ത ശിക്ഷ നൽകരുത് എന്നും പ്രതി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഈ വാദത്തെ എതിർത്ത പ്രോസിക്യൂഷൻ പരമാവധി ശിക്ഷ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തമിഴ്‌നാട്ടിൽ രാഷ്ട്രീയ വിവാദത്തിന് വഴി തുറന്ന കേസ് കൂടിയാണിത്.

























