ഭര്‍ത്താവിന്റെ വൃക്കവിറ്റ പണവുമായി യുവതി സുഹൃത്തിനൊപ്പം ഒളിച്ചോടി

കൊല്‍ക്കത്ത: ഭര്‍ത്താവിന്റെ വൃക്കവിറ്റ പണവുമായി യുവതി കാമുകനൊപ്പം ഒളിച്ചോടി. പശ്ചിമബംഗാളിലെ ഹൗറയിലാണ് സംഭവം. ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയെയും കാമുകനെയും പിന്നീട് കണ്ടെത്തി.

ഹൗറയിലെ സങ്കറെയ്ല്‍ സ്വദേശിയായ യുവതിയാണ് ഭര്‍ത്താവിന്റെ വൃക്കവിറ്റ് കിട്ടിയ പത്തുലക്ഷം രൂപയുമായി കാമുകനൊപ്പം ഒളിച്ചോടിയത്. യുവതിയുടെ നിര്‍ബന്ധപ്രകാരമാണ് ഭര്‍ത്താവ് വൃക്ക വില്‍ക്കാന്‍ സമ്മതിച്ചതെന്നും എന്നാല്‍, പണം കിട്ടിയതിന് പിന്നാലെ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം യുവതി ഒളിച്ചോടിയെന്നുമാണ് റിപ്പോര്‍ട്ട്.

മകളുടെ പഠനത്തിനും വിവാഹാവശ്യത്തിനും പണം കണ്ടെത്താനായാണ് യുവതി ഭര്‍ത്താവിനോട് വൃക്ക വില്‍ക്കാന്‍ ആവശ്യപ്പെട്ടത്. പണം കിട്ടിയാല്‍ കുടുംബത്തിലെ ദാരിദ്ര്യം മാറുമെന്നും പറഞ്ഞു. യുവതിയുടെ നിര്‍ബന്ധപ്രകാരം ഭര്‍ത്താവ് വൃക്കവില്‍ക്കാന്‍ തയ്യാറാകുകയായിരുന്നു. എന്നാല്‍, ഇതേസമയം ഭാര്യ കാമുകനൊപ്പം നാടുവിടാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയായിരുന്നു.

ഭര്‍ത്താവിന്റെ പത്തുലക്ഷം രൂപയുമായി ബരക്ക്പുര്‍ സ്വദേശിയായ യുവാവിനൊപ്പമാണ് യുവതി ഒളിച്ചോടിയത്. പെയിന്റിങ് തൊഴിലാളിയായ ഇയാളുമായി യുവതി ഫെയ്‌സ്ബുക്ക് വഴിയാണ് പരിചയത്തിലായതെന്ന് പോലീസ് പറഞ്ഞു.