തൃശൂർ: ഡിവൈൻ നഗർ റെയിൽവേ സ്‌റ്റേഷനിൽ ട്രെയിൻ ഇടിച്ച് പരിക്കേറ്റ രണ്ട് സത്രീകളിൽ ഒരാൾ മരിച്ചു. കാഞ്ഞങ്ങാട് സ്വദേശിനി റോസമ്മ ജെയിംസാണ് മരിച്ചത്. 75 വയസ്സായിരുന്നു. വടക്കൻ പറവൂർ സ്വദേശി ഉഷയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അപകടശേഷം അരമണിക്കൂറോളം ട്രാക്കിൽ കിടന്ന ഇവരെ പൊലിസ് എത്തിയ ശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്.

ഇന്ന് രാവിലെ 6.40നാണ് അപകടം ഉണ്ടായത്. എഗ്മോർ – ഗുരുവായൂർ ട്രെയിൻ ആണ് ഇവരെ ഇടിച്ചത്. മൂന്നുപേർ ട്രാക്ക് കുറുകെ കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ രണ്ടുസ്ത്രീകളിൽ ഒരാൾ സംഭവ സ്ഥലത്ത് വച്ച് മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ സ്ത്രീയെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുരിങ്ങൂർ ധ്യാന കേന്ദ്രത്തിൽ വന്ന് മടങ്ങുകയായിരുന്നു ഇവർ. കൊരട്ടി പൊലീസ് എത്തിയാണ് ഇരുവരെയും ട്രാക്കിൽ നിന്ന് മാറ്റിയത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

























