വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ചു

കൽപ്പറ്റ: വയനാട്ടിലെ മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ചു. വനംവകുപ്പ് വാച്ചറുടെ ഭാര്യ പഞ്ചാരക്കൊല്ലി സ്വദേശിനി രാധയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വനത്തോട് ചേർന്നുള്ള പ്രദേശത്ത് വച്ചാണ് ആക്രമണം ഉണ്ടായത്. കാപ്പിക്കുരു പറിക്കുന്നതിനിടെയാണ് യുവതിയെ കടുവ ആക്രമിച്ചത്.

ആക്രമണം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ദിവസങ്ങൾക്ക് മുൻപ് പുൽപ്പള്ളിയിലെ അമരക്കുനിയിൽ നാടിനെ ഭീതിയിലാഴ്ത്തിയിരുന്ന കടുവയെ ദിവസങ്ങൾ നീണ്ട തിരച്ചിലിന് ഒടുവിൽ കൂട്ടിലാക്കിയിരുന്നു. ഇതിന് തൊട്ടടുത്ത പ്രദേശത്താണ് കടുവയുടെ ആക്രമണം ഉണ്ടായത്. പ്രദേശത്ത് ഒന്നിലധികം കടുവകളുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു.