ആൾക്കൂട്ട വിചാരണയേത്തുടർന്ന് യുവതിയുടെ ആത്മഹത്യ; ആൺസുഹൃത്ത് പോലീസ് സ്‌റ്റേഷനിൽ ഹാജരായി

കണ്ണൂർ: കായലോട് പറമ്പായിയിൽ ആൾക്കൂട്ടവിചാരണയേത്തുടർന്ന് യുവതി ആത്മഹത്യചെയ്ത സംഭവത്തിൽ ആൺസുഹൃത്ത് പോലീസിനു മുന്നിൽ ഹാജരായി. പിണറായി പോലീസ് സ്‌റ്റേഷനിലാണ് യുവാവ് ഹാജരായത്. ശനിയാഴ്ച പുലർച്ചെയാണ് മയ്യിൽ സ്വദേശി റഹീസ് പിണറായി പോലീസ് സ്‌റ്റേഷനിലെത്തിയത്. ഇയാളുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തും.

കായലോട് പറമ്പായിയിലെ റസീനയാണ് ആത്മഹത്യ ചെയ്തത്. ഇതിന് ഇടയാക്കിയത് ആൾക്കൂട്ടവിചാരണതന്നെയെന്ന് പോലീസ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ആൺസുഹൃത്ത് പോലീസിനു മുന്നിൽ ഹാജരായിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് യുവതിയുടെ ബന്ധുക്കളിൽ നിന്നടക്കം വ്യത്യസ്ത ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ സുഹൃത്തിന്റെ മൊഴി നിർണായകമാകുമെന്ന വിലയിരുത്തലിലാണ് പോലീസ്.

റസീന ആൺസുഹൃത്തുമായി സംസാരിച്ചുകൊണ്ടിരിക്കെ മൂന്നു ബൈക്കുകളിൽ എത്തിയ പ്രതികൾ ഭീഷണിപ്പെടുത്തുകയും മോശമായി ചിത്രീകരിക്കുകയും ചെയ്തതായി റസീനയുടെ ശരീരത്തിൽനിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ വിശദമായിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മിഷണർ പി. നിധിൻരാജ് മാധ്യമങ്ങളോട് പറഞ്ഞു. യുവതിയുടെ ആത്മഹത്യയ്ക്ക് കാരണം ആൺസുഹൃത്താണെന്നും അറസ്റ്റിലായത് ബന്ധുക്കളുൾപ്പെടെയുള്ള നിരപരാധികളാണെന്നുമുള്ള യുവതിയുടെ മാതാവിന്റെ വാദം തള്ളുന്നതാണ് ഈ വെളിപ്പെടുത്തൽ.

ജീവിക്കാൻ അനുവദിക്കില്ലെന്ന തോന്നലിലാണ് ആത്മഹത്യ ചെയ്തതെന്നാണ് മനസ്സിലാക്കുന്നത്. പ്രതികളിൽ ഒരാൾ യുവതിയുടെ ബന്ധുവാണ്.