വാൽപ്പാറയിൽ പുലി പിടിച്ച നാലുവയസുകാരിയുടെ മൃതദേഹം പകുതി ഭക്ഷിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: തമിഴ്നാട്ടിലെ വാൽപ്പാറയിൽ പുലി പിടിച്ചുകൊണ്ടു പോയ നാലു വയസുകാരി മരിച്ചനിലയിൽ. ലയത്തിൽ നിന്ന് 300 മീറ്റർ അകലെ കാട്ടിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പകുതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഇന്നലെ വൈകീട്ട് ആറോടെയാണ് കുട്ടിയെ പുലി ആക്രമിച്ചത്. ഝാർഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത – മോനിക്ക ദേവി ദമ്പതികളുടെ മകൾ രജനിയെയാണ് പുലി പിടിച്ചത്.

ഉടൻ തന്നെ കുട്ടിയെ കണ്ടെത്തുന്നതിനായി ഇന്നലെ രാത്രി വൈകിയവേളയിലും പ്രദേശത്ത് പൊലീസും ഫയർഫോഴ്സും വനംവകുപ്പും നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിച്ചപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രത്യേക പരിശീലനം നേടിയ നായയെ സ്ഥലത്തെത്തിച്ചായിരുന്നു ഇന്നത്തെ തിരച്ചിൽ. നിരന്തരമായി പുലിയടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശമാണ് വാൽപ്പാറ.