പാലക്കാട്: ശ്രീകൃഷ്ണപുരത്ത് യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കാട്ടുകുളം സ്വദേശി ദീക്ഷിതിന്റെ ഭാര്യ വൈഷ്ണവിയാണ് (26) മരിച്ചത്. സംഭവത്തിൽ ഭർത്താവ് ദീക്ഷിതിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. വൈഷ്ണവിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. തുടർന്ന് നടത്തിയ അന്വേഷണമാണ് ദീക്ഷിതിൽ എത്തിയത്.

ഇക്കഴിഞ്ഞ 9 ന് രാത്രിയാണ് വൈഷ്ണവിയെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടെന്ന് പറഞ്ഞ് ദീക്ഷിത് മാങ്ങാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുന്നത്. വിവരം വൈഷ്ണവിയുടെ ബന്ധുക്കളെയും അറിയിച്ചു. ആശുപത്രിയിൽ എത്തിയതും വൈഷ്ണവി മരിച്ചു.


മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് ചോലക്കൽ വീട്ടിൽ ഉണ്ണികൃഷ്ണന്റെ മകളാണ് വൈഷ്ണവി. ഒന്നരവർഷം മുമ്പ് ആയിരുന്നു വൈഷ്ണവിയും ദീക്ഷിതും തമ്മിലുള്ള വിവാഹം. കൊന്നത് ദീക്ഷിത് തന്നെയെന്ന് മണ്ണാർക്കാട് ഡിവൈഎസ്പി പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംശയം തോന്നി ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. വൈഷ്ണവിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നുള്ള കൊലപാതകമാണെന്നും പൊലീസ് വ്യക്തമാക്കി.























