ക്ഷേത്രോത്സവത്തിനിടെ ആനയുടെ ചവിട്ടേറ്റ് മരിച്ച ലീലയുടെ സ്വർണാഭരണങ്ങൾ കാണാനില്ല; പരാതി നൽകി കുടുംബം

കൊയിലാണ്ടി: കുറവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ഇടഞ്ഞ ആനയുടെ ചവിട്ടേറ്റ് മരിച്ച വട്ടാങ്കണ്ടി ലീലയുടെ ദേഹത്തുണ്ടായിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി കുടുംബം. ലീല ധരിച്ച സ്വർണ മാലയും കമ്മലുകളും കാണാനില്ലെന്ന് കുടുംബം പൊലീസിൽ പരാതി നൽകി.

നാല് വളകൾ പോസ്റ്റ്‌മോർട്ടത്തിനു ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നു ലഭിച്ചു. കമ്മലിന്റെ ഒരു ഭാഗം സംഭവ സ്ഥലത്തുനിന്നും കിട്ടി. അപകടം നടന്ന സ്ഥലത്ത് വിശദമായി പരിശോധിച്ചെങ്കിലും ബാക്കി സ്വർണം കണ്ടെത്താൻ സാധിച്ചില്ല. മാലയും കമ്മലും ഉൾപ്പെടെ നാല് പവനോളം സ്വർണാഭരണങ്ങൾ കാണാതായെന്നാണ് പരാതി.

വ്യാഴാഴ്ച ആന ഇടഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർ മരിക്കുകയും 32 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പടക്കം പൊട്ടിയപ്പോൾ വിരണ്ട ആന മറ്റൊരാനയെ കുത്തുകയായിരുന്നു. ഇതിനിടെ ക്ഷേത്രം ഓഫിസ് കെട്ടിടം തകർന്നു വീണാണ് മൂന്നു പേർ മരിച്ചത്.