മലപ്പുറത്ത് വയോധികയെ കാണാതായി; കാടുകയറിയ കെട്ടിടത്തിന് സമീപം മൃതദേഹം കണ്ടെത്തി

മലപ്പുറം: ചുങ്കത്തറയിൽ കാണാതായ വയോധിക മരിച്ച നിലയിൽ. പള്ളിക്കുത്ത് സ്വദേശി തങ്കമ്മ (71) യാണ് മരിച്ചത്. ഇന്നലെ രാവിലെ 10 മണിയോടെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മരുന്ന് വാങ്ങാനായി പോയ വയോധികയെ പിന്നീട് കാണാതാകുകയായിരുന്നു. തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് വ്യാപകമായ തിരിച്ചിൽ നടത്തിയിരുന്നു. വയോധികയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ കൂത്തുകൽ പൊലീസിലും പരാതി നൽകി.

ഇതിനിടെ ചുങ്കത്തറ പാൽ സൊസൈറ്റിക്ക് സമീപം വൈകീട്ട് തങ്കമ്മയെ കണ്ടതായി ചിലർ പറഞ്ഞു. ഇതേത്തുടർന്ന് നടത്തിയ പരിശോധനയിലാണ് സമീപപ്രദേശത്തായി വയോധികയുടെ മൃതദേഹം കണ്ടെത്തിയത്. പാൽ സൊസൈറ്റിക്ക് സമീപത്ത് കാടുകയറിയ സ്ഥലത്തുള്ള കെട്ടിടത്തിന് മുന്നിലായിട്ടായിരുന്നു മൃതദേഹം. പ്രാഥമിക പരിശോധനയിൽ ശരീരത്തിൽ മുറിവുകളോ അസ്വാഭാവികതയോ കണ്ടെത്തിയിട്ടില്ല. എങ്കിലും വിശദമായ പരിശോധനകളും അന്വേഷണവും തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.