മലപ്പുറത്ത് ഡി അഡിക്ഷൻ സെന്ററിൽ ചികിത്സയ്‌ക്കെത്തിയ യുവാവ് മോതിരം വിഴുങ്ങി, ആശുപത്രിയിലെത്തിച്ചപ്പോൾ പുഴയിൽച്ചാടി

മലപ്പുറം: ഡി അഡിക്ഷൻ സെന്ററിൽ ചികിത്സയ്‌ക്കെത്തിയ യുവാവ് മോതിരം വിഴുങ്ങി ഭീകാരന്തരീക്ഷം സൃഷ്ടിച്ചു. മോതിരം പുറത്തെടുക്കാൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോൾ ഇറങ്ങിയോടി പുഴയിൽച്ചാടിയ യുവാവിനെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് പരിക്കുകളോടെ പുറത്തെടുത്ത് തൃശ്ശൂരിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മലപ്പുറം ജില്ലയിൽ തിരൂരിലാണ് വേറിട്ട സംഭവം. വെട്ടം വിആർസി ഡി അഡിക്ഷൻ സെന്ററിൽ ചികിത്സയ്ക്കായി വന്ന നോർത്ത് പറവൂർ സ്വദേശിയായ 26കാരനാണ് പുഴയിൽച്ചാടിയത്. ബന്ധുക്കൾ ചികിത്സയ്ക്കായി സെന്ററിലെത്തിച്ച യുവാവ് താൻ വഴിയിൽവെച്ച് മോതിരം വിഴുങ്ങിയെന്ന് ആശുപത്രി അധികൃതരോട് പറയുകയായിരുന്നു. തുടർന്ന് യുവാവിനെ തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ മോതിരം പുറത്തെടുക്കാൻ കൊണ്ടുവന്നു. എക്‌സ്‌റേയിൽ വയറ്റിൽ മോതിരം കണ്ടെത്തി. മലവിസർജ്ജനത്തിനൊപ്പം മോതിരം പുറത്തുവരുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞ് ചികിത്സ നൽകി. തിരിച്ച് വിആർസി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ, യുവാവ് ഏറ്റിരിക്കടവ് പാലത്തിനുമുകളിൽനിന്ന് തിരൂർ-പൊന്നാനിപുഴയിലേക്ക് ചാടി. ഉടൻ സുഹൃത്തുക്കൾ രണ്ടുപേരും നാട്ടുകാരും ചേർന്ന് അടുത്തുള്ള തോണി ഉപയോഗിച്ച് പുഴയിലിറങ്ങി യുവാവിനെ രക്ഷിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു.