മലപ്പുറം: അഴിഞ്ഞിലത്ത് 510 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. കാളികാവ് സ്വദേശി മുഹമ്മദ് ഷഫീഖ് ആണ് അറസ്റ്റിലായത്. മയക്കുമരുന്ന് കൈമാറാനായി കാത്തിരിക്കുമ്പോഴാണ് പിടിയിലാകുന്നത്. രണ്ടു നടിമാർക്ക് നൽകാനാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. ഇന്നലെ രാത്രിയാണ് അഴിഞ്ഞിലത്തെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ കാർപാർക്കിങ്ങ് ഏരിയയിൽ നിന്നാണ് ഷെഫീഖ് പിടിയിലാകുന്നത്. കാറിൽ 510 ഗ്രാം എംഡിഎംഎയാണ് ഉണ്ടായിരുന്നത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് സംഘവും വാഴക്കാട് പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടുന്നത്. ഒമാനിൽ നിന്നു വന്നയാളാണ് മയക്കുമരുന്ന് നടിമാരെ ഏൽപ്പിക്കാൻ ആവശ്യപ്പെട്ട് നൽകിയത്. നടിമാർ ആരാണെന്ന് അറിയില്ലെന്നും, കൂടുതലൊന്നും തന്നോട് വെളിപ്പെടുത്തിയില്ലെന്നുമാണ് ഷെഫീഖ് പൊലീസിനോട് പറഞ്ഞത്. ഷെഫീഖിന്റെ മൊഴിയിൽ എത്രമാത്രം വസ്തുതയുണ്ടെന്നും, നടിമാർ ആരാണെന്നും അന്വേഷിച്ചു വരുന്നതായി പൊലീസ് സൂചിപ്പിച്ചു.

























