ബിജെപി സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് തള്ളപ്പെട്ടതോടെ ശോഭാ സുരേന്ദ്രനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ്. യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുദൂര്‍ ആണ് സ്വാഗതം ചെയ്തത്. ശോഭ സുരേന്ദ്രന്റെ ചിത്രത്തോടൊപ്പം ‘ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലേക്ക് സ്വാഗതം’എന്ന ഒറ്റവരി ഹാരിസ് മുദൂര്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

നിലവിലെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, മുന്‍ കേന്ദ്രസഹമന്ത്രി വി മുരളീധരന്‍, മുതിര്‍ന്ന നേതാവ് എം ടി രമേശ്, ശോഭാ സുരേന്ദ്രന്‍ മുതലായ വലിയ പേരുകളെയെല്ലാം വെട്ടി രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനാക്കാന്‍ കേന്ദ്ര നേതൃത്വം തീരുമാനമെടുത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ അസ്വസ്ഥതയുണ്ടെന്ന് ഊഹാപോഹങ്ങള്‍ക്ക് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ക്ഷണം. ശോഭാ സുരേന്ദ്രന്‍ രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സമര്‍പ്പണത്തില്‍ നിന്ന് വിട്ടുനിന്നതും ഈ സംശയങ്ങള്‍ കൂടുതലായി ഉയരാന്‍ കാരണമായിരുന്നു. പാര്‍ട്ടിയില്‍ ശോഭ ദീര്‍ഘകാലമായി തഴയപ്പെടുകയാണെന്ന വാര്‍ത്തകള്‍ക്ക് കൂടി ഇടയിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ക്ഷണം. എന്നാല്‍ രാജീവ് ചന്ദ്രശേഖര്‍ കഴിവ് തെളിച്ചയാളെന്നും അദ്ദേഹം ബിജെപി സംസ്ഥാന അധ്യക്ഷനാകുന്നത് സന്തോഷത്തോടെയാണ് സ്വീകരിക്കുന്നതെന്നുമാണ് ശോഭാ സുരേന്ദ്രന്റെ പ്രതികരണം.

























