താമരശ്ശേരിയില്‍ കാറിൽ തട്ടി സ്കൂട്ടര്‍ ബസിന് മുന്നിലേക്ക് വീണു: പരിക്കേറ്റ് ചികിത്സയില്‍ക്കഴിഞ്ഞ വിദ്യാര്‍ഥിനി മരിച്ചു

കോഴിക്കോട്: താമരശ്ശേരിയിൽ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നുമ്മൽ മുജീബിൻ്റെ മകൾ ഫാത്തിമ മിൻസിയ (20) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പതരയോടെ താമരശ്ശേരി-മാനിപുരം റോഡില്‍ അണ്ടോണ പൊയിലങ്ങാടിയിലാണ് അപകടം നടന്നത്.

കെ.എം.സി.ടി. മെഡിക്കൽ കോളേജിലെ വിദ്യാര്‍ഥിനികളായ ഫാത്തിമ മിന്‍സിയയും പൂനൂര്‍ സ്വദേശിനി ഫിദ ഫര്‍സാനയും (20) സഞ്ചരിച്ച സ്‌കൂട്ടറിൽ കാർ ഇടിച്ചതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ മറിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. താമരശ്ശേരിയിലേക്ക് വരികയായിരുന്ന ബസിനു മുന്നിലേക്കാണ് സ്‌കൂട്ടര്‍ വീണത്. സ്‌കൂട്ടറുമായി അല്‍പ്പദൂരം മുന്നോട്ട് നീങ്ങിയാണ് ബസ് നിന്നത്.

അപകടം വരുത്തിയ കാര്‍ നിര്‍ത്താതെ പോയി. രണ്ട് വിദ്യാർഥിനികളേയും ഉടൻ തന്നെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഫാത്തിമ മിന്‍സിയയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും പുലർച്ചെ മരിക്കുകയായിരുന്നു.