അലഹബാദ്: കാശി ഗ്യാൻവാപി പള്ളിയിൽ ഹിന്ദു വിഭാഗത്തിന് പൂജ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി. പൂജ നടത്തുന്നത് തടയണമെന്ന മുസ്ലിം വിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ധൃതി പിടിച്ച് ഉത്തരവ് നടപ്പാക്കിയെന്ന മുസ്ലിം വിഭാഗത്തിന്റെ വാദങ്ങൾ തള്ളിയ കോടതി, പൂജയ്ക്ക് ഇടക്കാല സ്റ്റേ നൽകണമെന്ന ആവശ്യം അംഗീകരിച്ചില്ല. കേസിൽ ജില്ലാ കോടതി ഉത്തരവിനെതിരെയുള്ള അപ്പീൽ എന്ന രീതിയിൽ ഹർജിയിൽ ഭേദഗതി വരുത്താൻ പള്ളിക്കമ്മറ്റിക്ക് കോടതി നിർദ്ദേശം നൽകി. ഒപ്പം ഗ്യാൻവാപി പള്ളിയിലും സമീപ പ്രദേശങ്ങളിലും ക്രമസമാധാനം ഉറപ്പിക്കാൻ ഉത്തർപ്രദേശ് സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി.

വാരാണസി കോടതി വിധി താൽക്കാലികമായി സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് അഞ്ചുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റിയാണ് ഹൈകോടതിയെ സമീപിച്ചത്.


വാരാണസി ജില്ലാ കോടതി ഉത്തരവ് പ്രകാരം ഇന്നും പള്ളിയുടെ തെക്ക് ഭാഗത്തുള്ള നിലവറകളിൽ പൂജ നടത്തി. ഗ്യാൻവാപിയിൽ നീതി നടപ്പാക്കണം, 1991ലെ ആരാധാനാലയ നിയമം സംരക്ഷിക്കണം എന്നീ ആവശ്യങ്ങൾ ഉയർത്തി ലീഗ് എംപിമാർ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ധർണ നടത്തി.
ജില്ലാ കോടതി ഉത്തരവ് വന്ന് മണിക്കൂറുകൾക്കുള്ളിലാണ് ഗ്യാൻവാപി മസ്ജിദിൽ പൂജ നടന്നത്. മുപ്പത് വർഷത്തിന് ശേഷമാണ് ഇവിടെ പൂജ ചടങ്ങുകൾ നടന്നത്.
മുൻപ് 1993ൽ റീസീവർ ഭരണത്തിന് പിന്നാലെയാണ് അന്നത്തെ മുലായം സിംഗ് സർക്കാർ പൂജകൾ വിലക്കിയത്. പൂജക്ക് അനുമതി നൽകിയതിനെതിരെ മസ്ജിദ് കമ്മിറ്റി ഹൈക്കോടതിയിൽ ഹർജി നൽകുന്നതിന് മുമ്പ് പൂജ പൂർത്തിയാക്കിയിരുന്നു.























