ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി അർജുനെ വെറുതെ വിട്ട കോടതിവിധിയിൽ അപ്പീൽ നല്‍കുമെന്ന് പൊലീസ്. പോക്സോ കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പൊലീസ് അറിയിച്ചു. കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കി വെറുതെ വിട്ടത്.

കട്ടപ്പന അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി വി മഞ്ജു ആണ് പ്രതിയെ വെറുതെ വിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. കുറ്റപത്രം സമർപ്പിച്ച് രണ്ട് വർഷത്തിനു ശേഷമാണ് വിധി വരുന്നത്.


അതേസമയം, നിരപരാധിയായ യുവാവിനെ രണ്ടു വര്‍ഷമാണ് വിചാരണ തടവുകാരനായി ജയിലില്‍ അടച്ചതെന്നും കേസില്‍ പുനരന്വേഷണം ആവശ്യപ്പെടുമെന്നും പ്രതിഭാഗം അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിയെ വെറുതെ വിട്ടതിന് പിന്നാലെ കേസില്‍ തെളിവുകള്‍ സമര്‍പ്പിക്കുന്നതില്‍ ഉള്‍പ്പെടെ പൊലീസ് വീഴ്ച വരുത്തിയെന്ന ആരോപണവും ഉയരുന്നുണ്ട്.
2021 ജൂൺ മുപ്പതിനാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയത്.























