തിരുവനന്തപുരം: ഗവർണർക്ക് നയപ്രഖ്യാപന പ്രസംഗം വായിക്കാൻ സമയമില്ലെന്നും, ഒന്നരമണിക്കൂർ റോഡിൽ കുത്തിയിരിക്കാൻ സമയമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർക്ക് എന്താണ് സംഭവിച്ചതെന്നത് തനിക്ക് പറയാൻ കഴിയുന്ന കാര്യമല്ല. പ്രത്യേക നിലപാടാണ് അദ്ദേഹം സ്വീകരിച്ചുവരുന്നത്. അധികാര സ്ഥാനത്തിരിക്കുന്നവർക്ക് എതിരെ വ്യത്യസ്തമായ പ്രതിഷേധ സ്വരങ്ങൾ ഉയരാം. അധികാര സ്ഥാനത്തു ഇരിക്കുന്നവരാണ് അത് ചിന്തിക്കേണ്ടത്. മുഖ്യമന്ത്രി പോകുമ്പോൾ വിവിധ രീതികളിലുള്ള പ്രതിഷേധങ്ങൾ ഉണ്ടായിട്ടില്ലേ. പ്രതിഷേധം ഉയരയുമ്പോൾ പ്രതിഷേധക്കാർക്കെതിരെ പൊലീസ് എന്ത് നടപടി എടുക്കുന്നു എന്ന് ഇറങ്ങി നോക്കുന്ന അധികാരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ. ഗവർണർ എന്തിനാണ് അങ്ങനെ പെരുമാറുന്നത്. സുരക്ഷ നിർദ്ദേശങ്ങളുടെ ലംഘനമാണിത്.

ജനാധിപത്യ നിലപാടുകൾക്ക് വിരുദ്ധമായാണ് ഗവർണർ പെരുമാറുന്നത്. അതിന്റെ പേരിൽ അദ്ദേഹം തന്നെ പറയുന്നതൊന്നും കാര്യമാക്കുന്നില്ല. കോഴിക്കോട് പൊലീസ് കൂടെ വരേണ്ട എന്ന് പറഞ്ഞത് ഗവർണറാണ്. അങ്ങനെയുള്ള നിലപാടുകളുടെ അർത്ഥം എന്താണ്. സുരക്ഷ സി.ആർപിഎഫിന് കൈമാറിയത് വിചിത്രമായ കാര്യമാണ്. സ്റ്റേറ്റിൻ്റെ തലവന് ഏറ്റവും വലിയ സുരക്ഷയാണ് നൽകിയിരിക്കുന്നത്. സമാധാനത്തിന്റെ തലവൻ എന്ന രീതിയിൽ ഏറ്റവും കൂടുതൽ സുരക്ഷ കൊടുക്കുന്നത് ഗവർണർക്കാണ്. അത് വേണ്ടെന്നാണ് ഗവർണർ പറയുന്നത്.


സിആർപിഎഫ് സുരക്ഷ നൽകിയിട്ടുള്ളവരുടെ പേരുകൾ മുഖ്യമന്ത്രി വായിച്ചു കേൾപ്പിച്ചു. ആർഎസ്എസ് പട്ടികയിലാണ് ഇപ്പോൾ ഗവർണർ. ആർഎസ്എസുകാർക്ക് കേന്ദ്രഗവൺമെൻറ് ഒരുക്കിയ സുരക്ഷയുടെ കൂടിൽ ഒതുങ്ങാൻ തയ്യാറായി. RSS പ്രവർത്തകരുടെ കൂടിൽ ഒതുങ്ങാനാണ് ഗവർണറുടെ ശ്രമം. എന്താണ് CRPF നേരിട്ടു കേരളം ഭരിക്കുമോ. നാട്ടിൽ എഴുതപ്പെട്ട നിയമവ്യവസ്ഥകൾ ഉണ്ട്. അതിൽ നിന്നും വിരുദ്ധമായി ഗവർണർക്കു പ്രവർത്തിക്കാൻ കഴിയില്ല. ഏത് അധികാര സ്ഥാനവും വലുതല്ല. ജനാധിപത്യ മര്യാദ, പക്വത, വിവേകം എന്നിവ കാണിക്കണം. ഇതിൽ ചിലതിനു കുറവുണ്ടോ എന്ന് ഗവർണർ പരിശോധിക്കണം. എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടോ എന്ന് അദ്ദേഹം പരിശോധിക്കണം. പ്രതിഷേധക്കാർ ബാനർ കെട്ടുമ്പോൾ ഉന്നത സ്ഥാനത്തിരിക്കുന്നവർ തെരുവിൽ ഇറങ്ങി അഴിക്കാൻ പറയുന്നത് ഏതു കാലത്താണ് കണ്ടിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.























