നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ; മലയോര മേഖലകളില്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ നാലു ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇടിമിന്നലോടു കൂടിയ മഴക്കുള്ള മുന്നറിയിപ്പാണ് നല്‍കിയിട്ടുള്ളത്. മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വരെ വേഗമുളള കാറ്റും ഉണ്ടാകും. മഴ ശക്തമാകാന്‍ സാധ്യതയുള്ള മലയോര മേഖലകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മറ്റു ജില്ലകളില്‍ നേരിയതോ മിതമോ ആയ മഴക്കെ സാധ്യതയുള്ളൂ എന്നാണ് കാലാവസ്ഥാ പ്രവചനം. 28ാം തീയതിവരെ കേരളത്തില്‍ കനത്ത മഴക്ക് സാധ്യതയില്ല. ഒക്ടോബര്‍ ഒന്നു മുതല്‍ ഇന്നലെ വരെയുള്ള കണക്കുകള്‍ അനുസരിച്ച് സംസ്ഥാനത്ത് ഏഴു ശതമാനം അധികം മഴ കിട്ടി. തിരുവനന്തപുരം പത്തനംതിട്ട ജില്ലകളിലാണ് ഏറ്റവും കൂടുല്‍ മഴ രേഖപ്പെടുത്തിയത്. തിരുവനന്തപുരത്ത് ഈ കാലയളവില്‍ ലഭിക്കേണ്ടതിനെക്കാള്‍ 107 ശതമാനം അധികം മഴ പെയ്തു.

നെടുങ്കണ്ടം പച്ചടി മേഖലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മുക്കാല്‍ ഏക്കറോളം സ്ഥലം ഒലിച്ചു പോയി. ഇന്ന് പുലര്‍ച്ചെ കൃഷിയിടത്തിലാണ് ഉരുള്‍പൊട്ടിയത്. ആള്‍താമസം ഇല്ലാത്ത പ്രദേശമായതിനാല്‍ മറ്റ് അപായങ്ങള്‍ ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം, കരുണാപുരത്ത് ഇടിമിന്നലേറ്റ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. തേര്‍ഡ് ക്യാമ്പ് മൂലശ്ശേരില്‍ സുനില്‍ കുമാറിനും മകന്‍ ശ്രീനാഥിനുമാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം.