മഹാരാജാസില്‍ കാഴ്ചപരിമിതനായ അധ്യാപകനെ അപമാനിച്ച സംഭവം; വിദ്യാർത്ഥികള്‍ മാപ്പ് പറഞ്ഞു

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ കാഴ്ചപരിമിതനായ അധ്യാപകനെ അപമാനിച്ച സംഭവത്തിൽ വിദ്യാർത്ഥികൾ മാപ്പ് പറഞ്ഞു. നടപടി നേരിട്ട ആറ് വിദ്യാർത്ഥികളും ഡോക്ടർ പ്രിയേഷിനോട് മാപ്പ് പറഞ്ഞു. കോളേജ് കൗൺസിൽ തീരുമാനപ്രകാരമാണ് മാപ്പ് പറഞ്ഞത് തെറ്റ് ആവർത്തിക്കില്ലെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉറപ്പ് നൽകി.

കഴിഞ്ഞ മാസമാണ് മഹാരാജാസ് കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ പ്രിയേഷിനെ ക്ലാസ് മുറിയില്‍ വച്ച് ചില വിദ്യാര്‍ത്ഥികള്‍ അപമാനിച്ചത്. കാഴ്ച പരിമിതിയുള്ള അധ്യാപകന്‍ ക്ലാസില്‍ പഠിപ്പിക്കുന്ന സമയത്ത് വിദ്യാര്‍ത്ഥികളില്‍ ചിലര്‍ ക്ലാസ് മുറിയില്‍ കളിച്ചും ചിരിച്ചും നടക്കുന്നതിന്റെയും, അനുവാദമില്ലാതെ ക്ലാസില്‍ പ്രവേശിക്കുന്നതിന്റെയും വീഡിയോയാണ് പുറത്ത് വന്നത്.

വീഡിയോയ്‌ക്കെതിരെയും കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെയും വലിയ പ്രതിഷേധം സമൂഹ മാധ്യമങ്ങളിലടക്കമുണ്ടായി. പിന്നാലെ കെ എസ് യു നേതാവടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്കെതിരെ കോളേജ് അധികൃതര്‍ നടപടിയെടുക്കുകയായിരുന്നു. കെഎസ്യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസില്‍ അടക്കമുള്ളവരെയാണ് സസ്പെന്‍ഡ് ചെയ്തത്.