സംസ്ഥാനത്ത് കനത്ത മഴ; വ്യാപക നാശനഷ്ടം, ഒഴുക്കില്‍പെട്ട് ഒരാളെ കാണാതായി; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയില്‍ വ്യാപക നാശനഷ്ടം. തിരുവനന്തപുരത്ത് ഒഴുക്കില്‍പെട്ട് ഒരാളെ കാണാതായി. ഇടുക്കിയില്‍ വീടിടിയുകയും ചോറ്റാനിക്കരയില്‍ മണ്ണിടിഞ്ഞു വീഴുകയും ചെയ്തു. എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത രണ്ടു ദിവസം കൂടി ശക്തമായ മഴ തുടരും.

ഇടുക്കി കാഞ്ചിയാര്‍ കോഴിമല സ്വദേശി സുമേഷ് ഫിലിപ്പിന്‍റെ വീട് തകര്‍ന്നുവീണു. സുമേഷും ഭാര്യയും രണ്ടു മക്കളും പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. ചോറ്റാനിക്കര കുരീക്കാട് ജനവാസകേന്ദ്രമായ കണിയാമലയില്‍ മണ്ണിടിച്ചിലുണ്ടായി. മുകള്‍ ഭാഗത്ത് അപകടാവസ്ഥയിലായ മതില്‍ ഇടിഞ്ഞതോടെ മലയുടെ താഴെ താമസിക്കുന്ന കുടുംബങ്ങള്‍ ഭീതിയിലാണ്. കുട്ടനാട്ടിൽ പുഞ്ചകൃഷിയുടെ ഒരുക്കങ്ങൾ നടത്തിയ ഒരു പാടശേഖരത്തിൽ കൂടി മടവീണു. ഒട്ടനവധി പാടശേഖരങ്ങൾ മടവീഴ്ച ഭീഷണിയിലാണ്.

തിരുവനന്തപുരം വിതുര പൊന്നാംചുണ്ട് പാലത്തിലൂടെ സ്കൂട്ടറില്‍ പോയ ആള്‍ നദിയില്‍ വീണു കാണാതായി. വിതുര കൊപ്പം ഹരി നിവാസില്‍ സോമനെയാണ് കാണാതായത്. വാമനപുരം നദിക്കു കുറുകെയുള്ള പാലത്തിലൂടെ പോകുന്ന സമയത്ത് ഒഴുക്കില്‍പെട്ടാണ് കാണാതായത്.