ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം ; സ്റ്റീപിള്‍ ചേസിലും ഷോട്പുട്ടിലും സ്വര്‍ണം

ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസില്‍ രണ്ട് സ്വര്‍ണം കൂടി ഇന്ത്യ നേടി. സ്റ്റീപിള്‍ ചേസില്‍ അവിനാഷ് സാബ്‍ലെയും ഷോട്പുട്ടില്‍ തേജീന്ദര്‍പാല്‍ സിങ്ങുമാണ് സ്വര്‍ണം നേടിയത്. 8.19.43 എന്ന മികച്ച സമയത്തില്‍ ഗെയിംസ് റെക്കോര്‍ഡോടെയാണ് അവിനാഷ് ഫിനിഷ് ചെയ്തത്. തേജീന്ദര്‍പാല്‍ സിങ്ങ് 20.36 മീറ്റര്‍ എറിഞ്ഞാണ് സ്വര്‍ണം നേടിയത്.

ഇന്ത്യയ്ക്ക് പതിമൂന്ന് സ്വര്‍ണമടക്കം 51 മെഡലുകള്‍. ഏഷ്യന്‍ ഗെയിംസ് ലോങ്ജംപില്‍ മലയാളി താരം എം. ശ്രീശങ്കറിന് വെള്ളി. 8.19 മീറ്റര്‍ ദൂരം ചാടിയാണ് ശ്രീശങ്കറിന്റെ വെള്ളിനേട്ടം. 1500 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സന് വെങ്കലം.

ഷൂട്ടിങ് ട്രാപ് പുരുഷ വിഭാഗം ടീമിനത്തില്‍ ഇന്ത്യ ഇന്ന് സ്വര്‍ണം നേടി. കൈനാന്‍ ചെനായ്, സ്വരാവര്‍ സിങ് ,പൃഥ്വിരാജ് തൊണ്ടയ്മാന്‍ എന്നിവരാണ് മെഡല്‍ നേടിയത്. വ്യക്തിഗത ഇനത്തില്‍ കൈനാന്‍ ചെനായ് വെങ്കലം നേടി. ഇതേ ഇനത്തിലെ വനിതാ വിഭാഗത്തില്‍ ഇന്ത്യ വെള്ളി നേടിയിരുന്നു. ഗോള്‍ഫില്‍ അതിഥി അശോകും വെള്ളി മെഡലും നേടിയിരുന്നു.