കൊല്ലം: ഷാർജയിലെ ഫ്‌ലാറ്റിനുള്ളിൽ കൊല്ലം സ്വദേശിനി അതുല്യ(30)യെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് സതീഷിനെതിരെ കൊലപാതകക്കുറ്റം അടക്കമുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. അതുല്യയുടെ കുടുംബത്തിന്റെ പരാതിയിലാണ് കൊല്ലം ചവറ തെക്കുംഭാഗം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ശാരീരിക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകളും പൊലീസ് ചുമത്തിയിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരിൽ പ്രതി സതീഷ് ഭാര്യയെ പീഡിപ്പിച്ചിരുന്നുവെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. സ്ത്രീധനത്തിന്റെ പേരിലും സതീഷ് ഭാര്യ അതുല്യയെ ഉപദ്രവിച്ചിരുന്നതായി കുടുംബം പരാതിയിൽ പറയുന്നു. വിവാഹം കഴിഞ്ഞ നാൾ മുതൽ അതുല്യയ്ക്ക് സമാധാനവും സ്വസ്ഥതയും ഉണ്ടായിരുന്നില്ലെന്ന് ബന്ധു രവീന്ദ്രൻ പിള്ള പറഞ്ഞു. വിവാഹം കഴിഞ്ഞശേഷമാണ് സതീഷ് മദ്യപിക്കും എന്നതിനെ പറ്റി അറിഞ്ഞത്. ആദ്യം ചെറിയ രീതിയിലുണ്ടായിരുന്ന മദ്യപാനം വലിയ രീതിയിലേക്ക് മാറിയപ്പോഴാണ് ഉപദ്രവം തുടങ്ങിയതെന്നും രവീന്ദ്രൻ പിള്ള പറഞ്ഞു.

കുഞ്ഞിനുവേണ്ടി അതുല്യ എല്ലാം സഹിക്കുകയായിരുന്നുവെന്ന് അതുല്യയുടെ അച്ഛൻ രാജശേഖരൻ പിള്ള പറഞ്ഞു. മുമ്പ് പൊലീസ് കേസ് വരെയുണ്ടായിരുന്നു. മദ്യപാനം അമിതമാകുമ്പോൾ വയലന്റായി ആക്രമിക്കും. കുഞ്ഞിനെ ഏറെ സ്‌നേഹിച്ചിരുന്ന മകൾ ഒരിക്കലും ജീവനൊടുക്കില്ല. മരണത്തിൽ ദുരൂഹതയുണ്ട്. മകൾ വിവാഹമോചനത്തെക്കുറിച്ച് ആലോചിച്ചിരുന്നു. മരണത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും അച്ഛൻ രാജശേഖരൻ പിള്ള പറഞ്ഞു. അതുല്യയെ ഭർത്താവ് സതീഷ് ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. മരിക്കുന്നതിന് മുൻപ് അതുല്യ കുടുംബത്തിന് പീഡനത്തിന്റെ തെളിവായി ചിത്രങ്ങളും വീഡിയോകളും അയച്ചു നൽകുകയായിരുന്നു. അതുല്യയുടെ ശരീരമാസകലം മർദനമേറ്റ പാടുകളുമുണ്ട്. വെള്ളിയാഴ്ച രാത്രിയാണ് കൊല്ലം ചവറ തെക്കുംഭാഗം കോയിവിളയിൽ അതുല്യഭവനിൽ അതുല്യ സതീഷിനെ ഫ്‌ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജന്മദിനത്തിലാണ് യുവതി ജീവനൊടുക്കിയത്.

























