‘നാഡിയിൽ കടിയേറ്റത് ഗുരുതരാവസ്ഥ ഉണ്ടാക്കി; വാക്‌സിൻ ഫലപ്രദമാകും മുമ്പേ വൈറസ് തലച്ചോറിനെ ബാധിച്ചിരിക്കാം’, ആരോഗ്യവിദ്യാഭ്യാസ ഡയറക്ടർ

തിരുവനന്തപുരം: വാക്‌സിൻ ഫലപ്രദമാകും മുമ്പേ വൈറസ് തലച്ചോറിനെ ബാധിച്ചതാകാം പേ വിഷബാധയേറ്റ കുട്ടി മരിക്കാനുള്ള കാരണമെന്ന് കരുതുന്നതായി ആരോഗ്യവിദ്യാഭ്യാസ ഡയറക്ടർ. പേ വിഷബാധയ്‌ക്കെതിരെയുള്ള വാക്‌സിൻ ഫലപ്രദമാണ്. എസ്എടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ഏഴ് വയസുകാരി നിയ ഫൈസലിന് നായയുടെ കടിയേറ്റ് ആഴത്തിലുള്ള മുറിവാണ് സംഭവിച്ചത്. നായയുടെ പല്ല് നാഡിയിൽ പതിച്ചതാകാം വൈറസ് തലച്ചോറിൽ എത്താൻ കാരണമെന്നും ഡിഎംഇയും എസ്എടി സൂപ്രണ്ട് ഡോ എസ് ബിന്ദുവും വാർത്താസമ്മേളനത്തിൽ അറിയിച്ചു.

‘വാക്‌സിൻ ആന്റി ബോഡി ഫലപ്രദമാകുന്നതിന് മുൻപ് തന്നെ വൈറസുകൾ തലച്ചോറിനെ ബാധിക്കാനും രോഗാവസ്ഥയിലേക്ക് പോകാനും സാധ്യതയുണ്ട്. കുട്ടിക്ക് സംഭവിച്ചത് ഇതാകാം. കുട്ടിയെ കടിച്ചിരിക്കുന്നത് ആഴത്തിലാണ്. നാഡിയിൽ വൈറസ് കയറി കഴിഞ്ഞാൽ വാക്‌സിന്റെ ഗുണം ലഭിക്കുന്നതിന് മുൻപ് തന്നെ ഇത് തലച്ചോറിൽ എത്താം. റാബിസ് വൈറസ് നാഡി വഴി തലച്ചോറിലും നട്ടെല്ലിലും എത്തുന്ന വൈറസ് ആണ്. മുഖം, കഴുത്ത്, കൈ എന്നിവിടങ്ങൾ നാഡിയുടെ സാന്ദ്രത കൂടിയ സ്ഥലങ്ങളാണ്. ഇവിടെ നായയുടെ ആക്രമണം ഉണ്ടായാൽ ഡയറക്ട് ആയി നാഡിയിൽ കടി കിട്ടാനുള്ള സാധ്യതയുണ്ട്. തുടർന്ന് വൈറസ് പ്രോഗസ് ചെയ്യുകയാണ് ചെയ്യുന്നത്. 50 മുതൽ 100 മില്ലി മീറ്റർ വെച്ചിട്ടാണ് ഈ വൈറസ് പ്രോഗസ് ചെയ്ത് തലച്ചോറിലും നട്ടെല്ലിലും എത്തുന്നത്. വാക്‌സിൻ ആക്ട് ചെയ്യാൻ അൽപ്പം സമയമെടുക്കും. നാഡിയിൽ കടിയേൽക്കുക എന്നത് അപൂർവ്വ സംഭവമാണ്. കുട്ടികളെ സംബന്ധിച്ച് ഇത് സംഭവിക്കാം’- ഡോക്ടർമാർ പറഞ്ഞു. കുട്ടിയുടെ അമ്മയ്ക്ക് ക്വാ റൻറൈൻ ആവശ്യമില്ല എന്നും ഇതുസംബന്ധിച്ച മാധ്യമവാർത്തകളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ഡോക്ടർമാർ പറഞ്ഞു. ‘കുട്ടികളെ സംബന്ധിച്ച് പ്രത്യേകിച്ച് കൈയിലും മുഖത്തും കടിയേൽക്കാനുള്ള സാധ്യത കൂടുതലാണ്. കുട്ടിയുടെ അമ്മ പറയുന്നത് ആഴത്തിലുള്ള മുറിവാണ് ഉണ്ടായത് എന്നാണ്. പട്ടിയുടെ പല്ല് നേരിട്ട് നാഡിയിലേക്ക് പതിക്കുകയാണെങ്കിൽ വൈറസ് കയറി കഴിഞ്ഞാൽ വാക്‌സിൻ കൊണ്ടുള്ള ആന്റിബോഡി ഉപയോഗിച്ച് വൈറസിനെ തടയാൻ സാധിക്കില്ല. കുട്ടികളിലാണ് ഈ പ്രശ്‌നം കൂടുതലായി ഉണ്ടാവുന്നത്. വാക്‌സിൻ കൊടുക്കുമ്പോൾ ആന്റി ബോഡി ജനറേറ്റ് ചെയ്യും. ജനറേറ്റ് ചെയ്യുന്നതിന് സമയം ഉണ്ട്.അതിനാണ് നാലു ഡോസായി വീതിച്ച് നൽകുന്നത്. ആന്റിബോഡി ഫോം ചെയ്ത് വേണം ഇതിനെ അറ്റാക് ചെയ്യാൻ. അതിന് മുൻപ് വൈറസ് തലച്ചോറിൽ എത്തിക്കഴിഞ്ഞാൽ ഒന്നും ചെയ്യാൻ സാധിക്കില്ല. വൈറസിനെ ന്യൂട്രലൈസ് ചെയ്യാനാണ് ഇമ്മ്യൂണോഗ്ലോബുലിൻ നൽകുന്നത്. അവിടെയും കടി ആഴത്തിലുള്ളതാണെങ്കിൽ പ്രശ്‌നമാണ്.’- ഡോക്ടർമാർ പറഞ്ഞു.