കോഴിക്കോട് യുവതികളെ പൂട്ടിയിട്ട് പെൺവാണിഭം, രക്ഷപ്പെട്ടോടിയ 17കാരി പൊലീസ് സ്റ്റേഷനിൽ അഭയം തേടി

കോഴിക്കോട്: ഇതര സംസ്ഥാനത്ത് നിന്നും യുവതികളെ എത്തിച്ച് കോഴിക്കോട് നഗരത്തിൽ പെൺവാണിഭം നടത്തുന്നതായി പരാതി. കോഴിക്കോട് റെയിൽവേ സ്റ്റേഷനുസമീപത്തുള്ള കെട്ടിടം കേന്ദ്രീകരിച്ചാണ് അനാശാസ്യ പ്രവർത്തനം. ഇവിടെ നിന്നും രക്ഷപ്പെട്ട് പൊലീസ് സ്റ്റേഷനിൽ അഭയം തേടിയ അസം സ്വദേശിനിയായ 17 കാരിയാണ് പെൺവാണിഭ കേന്ദ്രത്തെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് കൈമാറിയത്. ഒരാഴ്ച മുൻപ് നടന്ന സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം ഈർജിതമാക്കി.

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട അസം സ്വദേശിയായ യുവാവ് മൂന്നുമാസം മുൻപാണ് പെൺകുട്ടിയെ കേരളത്തിലെത്തിച്ചത്. 15,000 രൂപ മാസശമ്പളത്തിൽ ജോലി ലഭ്യമാക്കാം എന്ന് വാഗ്ദാനം ചെയ്താണ് പെൺകുട്ടിയെ കേരളത്തിൽ എത്തിച്ചത്. കേരളത്തിൽ എത്തിയ യുവതിയെ നഗരത്തിലെ വാടകവീട്ടിലെ മുറിയിൽ പൂട്ടിയിട്ടായിരുന്നു ചൂഷണത്തിന് ഇരയാക്കിയത് എന്നാണ് റിപ്പോർട്ട്. പെൺവാണിഭ സംഘം അഞ്ചോളം പെൺകുട്ടികളെ പൂട്ടിയിട്ടിട്ടുണ്ടെന്നാണ് പെൺകുട്ടി നൽകിയിരിക്കുന്ന മൊഴി.

കേരളത്തിൽ എത്തിയതിന് പിന്നാലെ സ്ഥിരമായി മുറിയിൽ പൂട്ടിയിടുകയായിരുന്നു. ഇവിടെക്ക് ഇടപാടുകാരെ എത്തിക്കുന്നതാണ് പതിവ്. സ്ഥിരമായി മുറി പൂട്ടിയിടുകയാണ് പതിവ്. മുറി തുറന്ന് യുവാവ് യുവാവ് ടെറസിലേക്ക് നടന്നുപോയസമയത്താണ് യുവതി രക്ഷപ്പെട്ടത്. രക്ഷപ്പെടുന്നതിന്റെ തലേദിവസം വയറുവേദനയെത്തുടർന്ന് പെൺകുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചിരുന്നു. ഈ യാത്രയിൽ ആണ് പെൺകുട്ടി മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ ശ്രദ്ധിച്ചത്. മുറിയിൽനിന്ന് രക്ഷപ്പെട്ട ഉടൻ മുന്നിൽക്കണ്ട ഒരു ഓട്ടോറിക്ഷയിൽക്കയറി മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. സ്റ്റേഷനിലെത്തി വിവരമറിയിച്ചതോടെ പോലീസ് ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് (സിഡബ്ല്യുസി) മുൻപാകെയെത്തിച്ചു. സിഡബ്ല്യുസി കൗൺസലിങ് നൽകി വൈദ്യപരിശോധനയ്ക്ക് ഹാജരാക്കുകയും പിന്നീട് വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.