ദേവസ്വം മന്ത്രിയ്ക്കുണ്ടായ ജാതി വിവേചനം : ഇന്ത്യൻ പാർലമെന്‍റിലും ചർച്ച, കേരളത്തിലും ഇതാണ് അവസ്ഥ എന്ന് അബ്ദുൾ വഹാബ് എംപി

ന്യൂഡൽഹി : ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍റെ നേരിട്ട ജാതി വിവേചനത്തിന്റെ വെളിപ്പെടുത്തൽ ഇന്ത്യൻ പാർലമെന്‍റിലും ചർച്ചയായി. മുസ്ലിം ലീഗ് എം പി അബ്ദുൾ വഹാബാണ് വിഷയം രാജ്യസഭയിൽ ചർച്ചയിൽ ഉന്നയിച്ചത്. ജാതി വ്യവസ്ഥ ഇക്കാലത്തും എത്രത്തോളം ശക്തമാണെന്നതാണ് വിഷയം പാർലമെന്‍റിൽ ഉന്നയിച്ച അബ്ദുൾ വഹാബ് എം പി ചൂണ്ടികാട്ടിയത്. ജാതി വ്യവസ്ഥക്കെതിരെ കേരളത്തിൽ ദേവസ്വം മന്ത്രിക്ക് പ്രതികരിക്കേണ്ടി വന്നുവെന്നും അദ്ദേഹം വിവരിച്ചു. കേരളത്തിൽ പോലും ഇതാണ് സ്ഥിതിയെന്നും വഹാബ് ചൂണ്ടികാട്ടി.

മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ സംഭവത്തിൽ രാധാകൃഷ്ണനെ പിന്തുണച്ചെത്തിയിരുന്നു. സംഭവം ഞെട്ടിപ്പിക്കുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സംഭവത്തിൽ യുക്തമായ നടപടിയുണ്ടാകുമെന്നും പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്.

പയ്യന്നൂരിലെ ക്ഷേത്രത്തിൽ ജാതി വിവേചനം ഉണ്ടായ സംഭവത്തേക്കുറിച്ചായിരുന്നു മന്ത്രി കെ രാധാകൃഷ്ണന്റെ വെളിപ്പെടുത്തൽ.