കണ്ണൂരില്‍ ആദിവാസികളുടെ കുഴിമാടം പൊളിച്ച് കുടിവെള്ള പൈപ്പ് സ്ഥാപിച്ചു; സംഭവത്തിൽ നടപടി

കണ്ണൂർ: കണ്ണൂർ ജില്ലയിലെ കേളകത്ത് ആദിവാസികളുടെ കുഴിമാടം പൊളിച്ച് കുടിവെള്ള പൈപ്പ് സ്ഥാപിച്ചതായി പരാതി. സംഭവം വിവാദമായതോടെ ജല അതോറിറ്റി കരാറുകാർ പൈപ്പ് മാറ്റി കുഴിമാടങ്ങൾ പുനസ്ഥാപിച്ചു. കണ്ണൂർ കേളകത്ത് ജൽ ജീവൻ മിഷനിൽ പൈപ്പിടാൻ വേണ്ടിയാണ് ആദിവാസി കോളനിയിലെ കുഴിമാടങ്ങൾ നശിപ്പിച്ചത്.

വാളുമുക്ക് കോളനിയിലാണ് മൂന്ന് കുഴിമാടങ്ങൾ മാന്തി, ജല അതോറിറ്റി കരാറുകാർ പൈപ്പിട്ടത്. വേറെ സ്ഥലമുണ്ടായിട്ടും, വീട്ടുകാരില്ലാത്ത നേരത്ത്, കുഴിമാടങ്ങൾ നശിപ്പിച്ച് പൈപ്പിടുകയായിരുന്നു.

ജൽജീവൻ മിഷനിൽ തൊട്ടടുത്ത അംഗൻവാടിയിലേക്കുളള കണക്ഷന് വേണ്ടിയാണ് ആദിവാസികളുടെ കുഴിമാടം നശിപ്പിച്ചത്.വാർത്തയായതോടെ ജല അതോറിറ്റി കരാറുകാരെത്തി പൈപ്പ് നീക്കി. കുഴിമാടങ്ങൾ പൂർവ സ്ഥിതിയിലാക്കി. പരാതിയില്ലെന്ന് കുടുംബം അറിയിച്ചു.