വീടൊഴിയാൻ ഭീഷണി; തൃശൂരിൽ സ്വകാര്യ ബാങ്കിൻറെ ജപ്തി നടപടിയിൽ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

തൃശൂർ: സ്വകാര്യ ബാങ്കിൻറെ ജപ്തി നടപടിയിൽ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കാഞ്ഞാണി സ്വദേശി ചെമ്പൻ വീട്ടിൽ വിനയൻറെ മകൻ വിഷ്ണു (26) ആണ് ജീവനൊടുക്കിയത്. സ്വകാര്യ ബാങ്കിൽ നിന്ന് കുടുംബം വായ്പയെടുത്തിരുന്നു. 12 കൊല്ലം മുമ്പ് വീട് വെയ്ക്കാനായി എട്ടു ലക്ഷം രൂപയാണ് വായ്പയായി എടുത്തത്. തുടർന്ന് എട്ടു ലക്ഷത്തി എഴുപത്തിനാലായിരം തിരിച്ചടച്ചിരുന്നു. ഇതിനിടയിൽ ഇടയ്ക്ക് തിരിച്ചടവ് മുടങ്ങിയതോടെ കുടിശ്ശികയായി. ആറു ലക്ഷം രൂപ കുടിശിക വന്നതോടെ വീട് ഒഴിയാൻ ബാങ്ക് ആവശ്യപ്പെട്ടിരുന്നുവെന്ന് വിഷ്ണുവിൻറെ കുടുംബാംഗങ്ങൾ പറഞ്ഞു. ഇന്ന് രാവിലെ ബന്ധുവീട്ടിലേക്ക് മാറാൻ നിൽക്കുകയായിരുന്നു. അതിനിടെയാണ് വിഷ്ണു കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്.

പണമടയ്ക്കാൻ ബാങ്കിൽ നിന്ന് ഭീഷണിയുണ്ടായിരുന്നതായി കുടുംബാംഗങ്ങൾ ആരോപിച്ചു. എടുത്തതിനെക്കാൾ കൂടുതൽ തിരിച്ച് അടച്ചിരുന്നുവെന്നും കോവിഡ് പ്രതിസന്ധിയിലാണ് അടവ് മുടങ്ങിയതെന്നും ബന്ധുക്കൾ പറഞ്ഞു.