മലയാറ്റൂരില്‍ കിണറ്റില്‍ വീണ കുട്ടിയാനയെ പുറത്തെത്തിച്ചു.

കൊച്ചി: മലയാറ്റൂരില്‍ കിണറ്റില്‍ വീണ കുട്ടിയാനയെ പുറത്തെത്തിച്ചു. ജെ സി ബി ഉപയോഗിച്ച്‌ മണ്ണുമാന്തി പാതയൊരുക്കി അതിലൂടെ ആനയെ പുറത്തെത്തിക്കുകയായിരുന്നു. മൂന്നു മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ആനക്കുട്ടിയെ പുറത്തെത്തിച്ചത്.

ഇല്ലിത്തോട്ടില്‍ റബ്ബർ തോട്ടത്തിലെ കിണറ്റില്‍ ഇന്ന് പുലർച്ചെയോടെയായിരുന്നു കുട്ടിയാന വീണത്. കിണറിന് സമീപത്തായി കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരുന്നു. പിന്നീട് വനപാലകരെത്തി പടക്കം പൊട്ടിച്ചാണ് ആനക്കൂട്ടത്തെ ഓടിച്ചത്. തുടർന്ന് പത്തരയോടെ രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. കുട്ടിയാനയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വനപാലകർ നല്‍കുന്ന വിവരം.