അതിജീവിതക്ക് മാനഹാനി ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചു; സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

കോഴിക്കോട്: മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. അതിജീവിതക്ക് മാനഹാനി ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചുവെന്നാണ് കോഴിക്കോട് ജെഎഫ്എംസി – 4 കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്.

നേരത്തെ, കേസിൽ സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. അറസ്റ്റ് ചെയ്യുകയാണെങ്കിൽ ജാമ്യത്തിൽ വിട്ടയക്കാൻ പൊലീസിന് ഹൈക്കോടതി നിർദ്ദേശം നൽകുകയായിരുന്നു. നിലവിൽ അറസ്റ്റിനുള്ള സാഹചര്യമില്ലെന്ന് സർക്കാർ കോടതി അറിയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. ചോദ്യം ചെയ്യലിന് പിന്നാലെ ഗുരുതര വകുപ്പ് ചേർത്ത് എഫ് ഐആർ പരിഷ്കരിച്ചതോടെയാണ് സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചത്.

കഴിഞ്ഞ ഒക്ടോബര്‍ 27 ന് കോഴിക്കോട് മാധ്യമപ്രവര്‍ത്തകരെ കാണുന്നതിനിടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. നടക്കാവ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ 180 ഓളം പേജുള്ള കുറ്റപത്രമാണുളളത്.