പിറവത്ത് കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞ് മൂന്ന് പേര്‍ മരിച്ചു

എറണാകുളം: പിറവത്തിന് സമീപം പേപ്പതിയില്‍ മണ്ണിടിഞ്ഞു വീണ് മൂന്ന്പേര്‍ മരിച്ചു. നിര്‍മ്മാണത്തിലിരുന്ന വീടിനോടു ചേര്‍ന്നാണ് മണ്ണിടിഞ്ഞ്. മണ്ണിനടിയില്‍ നിന്ന് പുറത്തെടുത്ത തൊഴിലാളികളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. പൊലീസും ഫയര്‍ ഫോഴ്‌സും സംഭവസ്ഥലത്ത് എത്തിയിരുന്നു.

അതേസമയം പിറവത്ത് മണ്ണിടിഞ്ഞ് അതിഥി തൊഴിലാളികള്‍ മരിക്കാന്‍ ഇടയായ സംഭവത്തില്‍ ഉടന്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി വി ശിവന്‍കുട്ടി എറണാകുളം ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മരണമടഞ്ഞവരുടെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പാടാക്കാനും മന്ത്രി ജില്ലാ ലേബര്‍ ഓഫീസറോട് ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് മന്ത്രി ജില്ലാ കളക്ടറോടും റിപ്പോര്‍ട്ട് തേടി.